ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് യുകെയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിത നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഭരണപക്ഷത്തെ ക്യാബിനറ്റ് അംഗങ്ങളെ പോലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് വിശ്വാസത്തിലെടുത്തില്ലെന്ന സംശയം ശക്തിപ്പെട്ടു വരികയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഭരണകക്ഷിയുടെ ജനപ്രതിനിധികൾ സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടത്തിയ ചർച്ചകൾ ഇത്തരത്തിലുള്ള അനുമാനങ്ങൾക്കാണ് വഴിവെക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇനിയും പ്രധാനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള സാധ്യതയെ പറ്റി ഒരു മന്ത്രി എംപിമാരുടെ യോഗത്തിൽ സംസാരിച്ചതായുള്ള വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി. ആരോഗ്യമന്ത്രി ഡാം ആൻഡ്രിയ ലീഡ്‌സം ആണ് എംപിമാരുടെ യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടുള്ള അതൃപ്തി വെളിവാക്കുന്ന ഈ ചോദ്യം ഉന്നയിച്ചത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അവർ വിസമ്മതിച്ചു.

ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വിവിധതലത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചൂടുപിടിച്ച ചർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ. പാർട്ടി എംപിമാർക്കിടയിലും പ്രവർത്തകരിലും ഈ സമയത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ കടുത്ത ആത്മവിശ്വാസ കുറവ് ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ ഭരണപക്ഷത്തെയും പ്രതിപക്ഷ പാർട്ടികളെയും ഒരു നിമിഷം ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ മോശം ഭരണത്തിൽ നിന്ന് മാറ്റത്തിനുള്ള സമയമാണിതെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു . അടുത്തയിടെ നടന്ന മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ഭരണപക്ഷത്തിന് എതിരെയുള്ള ജനവികാരം പ്രകടമായിരുന്നു.


തിരഞ്ഞെടുപ്പ് ഇനിയും താമസിച്ചാൽ ഭരണപരാജയങ്ങളുടെ പേരിൽ കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമോ എന്ന് ഭയമാണ് തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ ഋഷി സുനകിനെ പ്രേരിപ്പിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നിലവിൽ കഴിഞ്ഞ ബഡ്ജറ്റിൽ നികുതികൾ വെട്ടി കുറച്ചതിനെ തുടർന്നുള്ള അനുകൂല സാഹചര്യം ലഭിക്കുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. ജൂണില്‍ പരിശ നിരക്കുകൾ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകിയിരുന്നു. ഇത്തരം അനുകൂല സാഹചര്യങ്ങൾ പരമാവധി വോട്ടാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.