ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ് (51) ആണ് കൊല്ലപ്പെട്ടത്. യുക്രൈനിലെ ഇർപിനിൽ അഭയാർഥികളുടെ ചിത്രമെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. കഴുത്തിൽ വെടിയേറ്റ റെനോഡ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. റെനോഡ് ഉൾപ്പെടെ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്കാണ് വെടിയേറ്റത്. രക്ഷപ്പെട്ട ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂയോർക്ക് ടൈംസിന് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ബ്രന്‍ഡ് റെനോഡിന്‍റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവും ആയിരുന്നു അദ്ദേഹമെന്നും ന്യൂയോര്‍ക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ ക്ലിഫ് ലെവി പറഞ്ഞു. എന്നാൽ അദ്ദേഹം യുക്രൈനില്‍ ന്യൂയോർക്ക് ടൈംസിന് വേണ്ടിയുള്ള ജോലികളില്‍ അല്ലായിരുന്നെന്നും ലെവി ട്വീറ്റ് ചെയ്തു.

റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെനോഡും മറ്റു രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.