ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ടോറി എംപി ടോബിയാസ് എൽവുഡ് അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് കോമൺസ് ഡിഫെൻസ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവച്ചു. മുൻ പ്രതിരോധ മന്ത്രിയായ എല്‍വുഡ് കഴിഞ്ഞ ജൂലൈയിലാണ് വിവാദപരമായ പ്രസ്താവന നടത്തിയത്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാന് നല്ല മാറ്റങ്ങൾ സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡിഫെൻസ് സെലക്ട് കമ്മിറ്റിയിലെ സഹ എംപിമാർ അദ്ദേഹത്തിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ ഇനി മുതൽ എൽവുഡ് കമ്മിറ്റിയിൽ തുടരില്ല. എൽവുഡിന് മേൽ കൂടുതൽ സമ്മർദ്ദങ്ങൾ വരുന്നതിനു മുൻപ് തന്നെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ക്ലിപ്പിൽ, യുദ്ധത്താൽ തളർന്ന അഫ്ഗാനിസ്ഥാൻ ഇപ്പോൾ സ്ഥിരതയ്ക്ക് പകരമായി കൂടുതൽ സ്വേച്ഛാധിപത്യ നേതൃത്വത്തെ സ്വീകരിക്കുകയാണെന്നായിരുന്നു എംപി അഭിപ്രായപ്പെട്ടത്. യുകെ താലിബാൻ സർക്കാരുമായി വീണ്ടും ഇടപഴകണമെന്നും കാബൂളിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ദൂരെ നിന്ന് ഉച്ചത്തിൽ പറയുന്നത് സ്ത്രീകളുടെ അവകാശങ്ങൾ ഒരുതരത്തിലും മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സുരക്ഷ വളരെയധികം മെച്ചപ്പെട്ടതായും, അഴിമതി കുറഞ്ഞതായും ഒപിയം വ്യാപാരം അവസാനിച്ചതായും വീഡിയോയ്ക്ക് ഒപ്പമുള്ള ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് & ക്രൈമിന്റെ റിപ്പോർട്ട് പ്രകാരം 2021 നെ അപേക്ഷിച്ച് 2022 ൽ ഒപിയം കൃഷി 32 ശതമാനമായി വർദ്ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും സ്ത്രീ സംഘടനകളും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ എംപിമാരും ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. കമ്മിറ്റിയിലെ നാലംഗങ്ങൾ അദ്ദേഹത്തിന് എതിരെ അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടർന്ന്, വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാൻ ഇരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. തന്റെ അഭിപ്രായങ്ങളെ വളച്ചൊടിക്കുകയായിരുന്നു എന്നായിരുന്നു എൽവുഡിന്റെ പ്രതികരണം.
Leave a Reply