ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യഹൂദ മതവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് ബ്രിട്ടനിലെ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടന ഷൈമ ദല്ലാലിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കി. ഷൈമയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്ര അന്വേഷണം അവർക്കെതിരെ നടന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ഇനിയും സംഘടന പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തു നിന്നും ഷൈമയെ നീക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും , എന്നാൽ അവർ ഇത്തരം ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്നെ സംഘടനയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ സൂചനയാണെന്ന് യൂണിയൻ ഓഫ് ജ്യൂവിഷ് സ്റ്റുഡൻസ് (യു ജെ എസ് ) വ്യക്തമാക്കി. തന്നെ പുറത്താക്കിയ വിവരം താൻ ട്വിറ്ററിലൂടെ അറിഞ്ഞതായും അത് സ്വീകാര്യമായിരുന്നില്ലെന്നും ഷൈമ പ്രതികരിച്ചു. രാജ്യത്തുടനീളം നിലനിൽക്കുന്ന വിദ്യാർത്ഥി യൂണിയനുകളിലൂടെ യുകെയിലെ ഏകദേശം 7 മില്യനോളം വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ്. ഷൈമയ്ക്കെതിരെ അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

മാർച്ചിൽ നടന്ന നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടനയുടെ നാഷണൽ കോൺഫറൻസിലാണ് ഷൈമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഷൈമയുടെ ചില നിലപാടുകളെ സംബന്ധിച്ച് ജൂത വിദ്യാർത്ഥികൾ അന്ന് തന്നെ പരാതി ഉയർത്തിയിരുന്നു. നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്കാൻ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടന മാപ്പ് ചോദിച്ചു. നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാൻ എല്ലാവരുമായി ഒരുമിച്ച് സഹകരിക്കുമെന്ന് ആക്ടിംഗ് ഹെഡ് ക്ളോ ഫീൽഡ് വ്യക്തമാക്കി. എന്നാൽ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ് ഇസ്ലാമിക് സൊസൈറ്റിസ് ഷൈമയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. യഹൂദ വിരുദ്ധതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം മെയ് മാസത്തിൽ ഇംഗ്ലണ്ടിലെ സർക്കാർ എൻ‌യു‌എസുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.