ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നിരാശ സമ്മാനിക്കുന്ന പുതിയ കുടിയേറ്റ നിയമങ്ങൾ ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ചു. സ്കിൽഡ് വർക്കർ വിസ ലഭിക്കാനുള്ള വിദേശ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്ന് 38, 700 പൗണ്ട് ആയി ഉയർത്തി. ഇതോടെ കഴിഞ്ഞവർഷം യുകെയിലേയ്ക്ക് വരാൻ യോഗ്യത നേടിയ 3 ലക്ഷം പേർ ഭാവിയിൽ അയോഗ്യരാകും. ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാനവും 38,700 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്.
വിസ ലഭിക്കുന്നതിനുള്ള ശമ്പള പരുധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ കെയർ മേഖലയിൽ ജോലിക്കായി വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. കെയർ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ ലഭിക്കില്ലെന്ന പുതിയ നിയമം മലയാളികളെ സാരമായി തന്നെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത്. ഒട്ടേറെ മലയാളികളാണ് കുടുംബവുമായി യുകെയിലെത്താൻ കെയർ വിസയെയും സ്റ്റുഡൻറ് വിസയെയും ആശ്രയിക്കുന്നത്. ആരോഗ്യ പരിചരണ വിസകളുടെ ദുരുപയോഗം വർഷങ്ങളായി നടക്കുന്നുണ്ടെന്നാണ് എംപിമാർക്ക് നൽകിയ പ്രസ്താവനയിൽ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു .
2022 -ൽ മൊത്തം കുടിയേറ്റം 745,000 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരുന്നു. ഇത് എക്കാലത്തെയും സർവ്വകാല റെക്കോർഡ് ആണ് . കുടിയേറ്റം കൂടിയതിനോട് അനുബന്ധിച്ച് കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നു തന്നെയും സർക്കാർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് . 2024 – ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം കുറയ്ക്കേണ്ടത് സർക്കാരിന് അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്.
Leave a Reply