വിനോദയാത്രയ്ക്കിടെ ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കല്പറ്റ പുഴമുടി മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
കല്പറ്റ എന്‍.എം.എസ്.എം. കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് ഓടിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ കാമ്പിനിലിരുന്ന് ഗിയര്‍ മാറ്റുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.
ചോദ്യം ചെയ്യലില്‍ ഷാജി കുറ്റം സമ്മതിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഷാജിയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 15 മുതല്‍ ആറുമാസത്തേക്കാന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഉത്തരവാദപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നാണ് മനസ്സിലാവുന്നത്. സംഭവത്തില്‍ കോളേജ് അധികൃതരോട് വിശദീകരണം തേടും. വിനോദയാത്രയ്ക്കിടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കാരണം അപകടം ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം
Leave a Reply