തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി ശ്രീനിവാസന് എസ്ഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരേ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് ശ്രീനിവാസന് മര്‍ദ്ദനമേറ്റത്. നടന്നു വരികയായിരുന്ന ശ്രീനിവാസനെ പ്രകടനം നടത്തിയിരുന്നവര്‍ തടഞ്ഞു വെയ്ക്കുകയും ഒരു പ്രവര്‍ത്തകന്‍ മുഖത്തടിക്കുകയുമായിരുന്നു. തന്നെ മര്‍ദിക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും, അവര്‍ സഹായിക്കുക പോലും ചെയ്തില്ലെന്നും ടി.പി.ശ്രീനിവാസന്‍ വ്യക്തമാക്കി.
പൊലീസ് സംരക്ഷണം നല്‍കുകയാണെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും, എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തില്‍ പരുക്കേറ്റെന്നും ശ്രീനിവാസന്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുവാനാണ് മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും അടക്കമുളളവര്‍ ചെയ്യുന്നതെന്ന് ആരോപിച്ച് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച എസ്എഫ്‌ഐ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പ്രത്യേക വിദ്യാഭ്യാസ മേഖലയ്ക്കും, അക്കാദമിക് സിറ്റിക്കുമായുളള കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ അപലപിക്കുന്നുവെന്നും, ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം പൊലീസുകാര്‍ ഇതില്‍ ഇടപെടാത്തതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിക്കുന്നില്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു വ്യക്തമാക്കി.വിഷയത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സാനു കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവളം ലീലാ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരെ കടുത്ത പ്രതിഷേധങ്ങള്‍ സംസ്ഥാനമെങ്ങും ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഇന്നത്തെ പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഇന്നു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. അതേസമയം വിദ്യാഭ്യാസ സംഗമം നടക്കുന്ന കോവളം ലീലാ ഹോട്ടലിനു മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.