ഓസിന് ശാപ്പാട് തരുന്ന ഹോട്ടലുമയോടുള്ള നന്ദി കാട്ടുന്നതിന് ട്രാഫിക് പൊലീസുകാരന്‍ തട്ടുകടക്കാരന്റെ വയറ്റത്തടിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അജികുമാര്‍ എന്നയാള്‍ 22 വര്‍ഷമായി ഇവിടെ തട്ട്കട നടത്തുകയാണ്. നഗരസഭയുടെ അനുമതി വാങ്ങിയാണ് കട നടത്തുന്നതെന്ന് അജികുമാര്‍ പറയുന്നു. ബുധനാഴ്ച കച്ചവടത്തിനുളള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ട്രാഫിക് ഹോംഗാര്‍ഡ് എന്‍.എല്‍ യതിപ്രകാശ് പ്രശ്‌നം സൃഷ്ടിച്ചത്.
ഇവിടെ കട നടത്താന്‍ തന്നോട് ആരോടാ പറഞ്ഞത് എന്ന് ചോദിച്ച് ചമന്തി വച്ചിരുന്ന ബക്കറ്റെടുത്ത് എടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. അജികുമാര്‍ തടയാനെത്തിയപ്പോള്‍ ചുട്ടുവച്ചിരുന്ന ദോശയും ചുടാന്‍ വച്ചിരുന്ന മാവും വലിച്ചെറിഞ്ഞു. ഓംലെറ്റ് അടിക്കാനായി കൊണ്ടുവന്ന മുട്ട ട്രേകളും എടുത്തെറിഞ്ഞു. നിരവധി ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു പൊലീസുകാരന്റെ അതിക്രമം. പൊലീസുകാരനായതിനാല്‍ തടയാന്‍ ആരും തയ്യാറായില്ല. രാത്രി ഏതാനും മണിക്കൂറുകള്‍ തട്ടുകട നടത്തി ജീവിക്കുന്ന നിര്‍ധനനായ അജികുമാറിന് നേരെ നടന്ന ആക്രമണത്തില്‍ വഴിയോര കച്ചവടക്കാരുടെയും നാട്ടുകാരുടെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും പൊലീസുകാര്‍ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതിരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് തിരുവനന്തപുരം നഗരത്തില്‍ പതിവാണ്. രണ്ട് മാസംമുമ്പ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലുള്ള പൊലീസുകാര്‍ വെള്ളയമ്പലത്ത് തട്ടുകടയില്‍ അതിക്രമം കാണിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് കട ഉടമ പിന്നീട് പരാതി പിന്‍വലിച്ചു. കയ്യേറ്റം ചെയ്‌തെന്ന് മ്യൂസിയം പൊലീസിനാണ് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള നാലു പൊലീസുകാരാണ് മാനവീയം വീഥിയിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ചമ്മന്തിയില്‍ നിന്ന് ഒരു പൊലീസുകാരന് റബര്‍ വാഷര്‍ കിട്ടിയതാണ് ഉടമയെ മര്‍ദ്ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തട്ട് നത്തുന്ന വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന ഉടമ സുരേഷിനെ മര്‍ദ്ദിക്കുകയും തിളച്ച് കൊണ്ടിരുന്ന എണ്ണപാത്രം തട്ടിയിട്ടത് കാലില്‍ പൊള്ളലേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിക്കാരന്‍ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് ഉറപ്പായതോടെയാണ് മ്യൂസിയം പൊലീസ് ഭീഷണിപ്പെടുത്തിയത്. കട നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
പൊലീസ് അക്രമം നടത്തിയ ഉടനെ നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. അപ്പോഴേക്കും പൊലീസുകാര്‍ വന്ന രണ്ട് ബൈക്കില്‍ ഒന്ന് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. സംഭവ സ്ഥലത്തുനിന്നും ഒരു പൊലീസുകാരന്റെ മൊബൈല്‍ കിട്ടിയതോടെയാണ് മഫ്തിയിലെത്തിയ പൊലീസുകാരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പൊലീസിന് മനസ്സിലായത്. അതോടെ മ്യൂസിയം പൊലീസ് പരാതിക്കാരന് നേരെ തിരിയുകയായിരുന്നു.
Leave a Reply