ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുൻ സിഐഎ മേധാവി ഡേവിഡ് പെട്രേയസും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണശ്രമമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പോളണ്ട് – യുക്രെയ്ൻ അതിർത്തിക്ക് സമീപം ആണ് ട്രെയിനിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ട്രെയിനിലുണ്ടായിരുന്ന ആർക്കും പരുക്കേറ്റിട്ടില്ല. ആക്രമണത്തിന് തൊട്ടുമുൻപ് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉപദേഷ്ടാക്കളും ജോൺസണും പെട്രേയസും ഉൾപ്പെട്ട സംഘം അതിർത്തി കടന്നിരുന്നതായി യുക്രെയ്ൻ റെയിൽവേ അറിയിച്ചു. യഥാർഥസമയത്ത് ട്രെയിൻ സമയക്രമം മാറ്റി നിശ്ചയിച്ചതിനാൽ നയതന്ത്ര ട്രെയിൻ നേരത്തെ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്രെയിനിലുടനീളം രാത്രി നടന്ന വ്യാപക റഷ്യൻ ആക്രമണത്തിൽ 450ലേറെ ഡ്രോണുകളും മിസൈലുകളുമാണ് ഉപയോഗിച്ചത്. ആക്രമണങ്ങളിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെടുകയും 40ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ യുക്രെയിനിലായിരുന്നു ആക്രമണം ശക്തമായത്. പോളണ്ട് അതിർത്തിക്ക് സമീപം ട്രെയിൻ യാത്രക്കാരെ പലതവണ ഒഴിപ്പിച്ചു. ആക്രമണ സമയത്ത് ട്രെയിനിൽ യാത്ര ചെയ്തിരുന്നവർ സമീപത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടു. പോളണ്ട്–യുക്രെയ്ൻ അതിർത്തി കടക്കുന്നതിന് സമീപം ഒരു ലോറിയും ആക്രമണത്തിനിരയായി. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ സംഭവത്തെ യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും വാതിലിൽ റഷ്യ നടത്തുന്ന ഭീകരാക്രമണമെന്നാണ് വിശേഷിപ്പിച്ചത്.

സംഭവത്തിൽ റഷ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും രംഗത്തെത്തി. വരും ആഴ്ചകളിലും മാസങ്ങളിലും റഷ്യയുടെ ആക്രമണം ശക്തമാകുമെന്നും അതിന്റെ പ്രത്യാഘാതം പോളണ്ട് അതിർത്തിയിലേക്കും വ്യാപിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ റെയിൽവേയെ ലക്ഷ്യമിട്ട ആക്രമണം സൈനിക ചരക്കുനീക്കവുമായി ബന്ധപ്പെട്ടതാണെന്നാണ് റഷ്യയുടെ വിശദീകരണം. അതേസമയം, ആക്രമണം യുക്രെയ്നിന്റെ അതിർത്തിക്കപ്പുറത്തേക്കും വ്യാപിക്കാനുള്ള സാധ്യതയിലേക്കാണ് സംഭവങ്ങൾ വിരൽചൂണ്ടുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി. ലിത്വാനിയയിലും ഡ്രോൺ സാന്നിധ്യമെന്ന സംശയത്തെ തുടർന്ന് വിൽനിയസ് വിമാനത്താവളം താൽക്കാലികമായി അടച്ചെങ്കിലും പിന്നീട് അത് പക്ഷിക്കൂട്ടമാണെന്ന് സ്ഥിരീകരിച്ചു.