ന്യൂസ് ഡെസ്ക്, മലയാളം യുകെ
തദ്ദേശീയരായ ആളുകൾക്ക് പരിശീലനം നൽകി കൂടുതൽ തൊഴിൽ മേഖലകളിൽ സജ്ജരാക്കുന്നതിലൂടെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള ലേബർ സർക്കാരിൻറെ പദ്ധതി എത്രമാത്രം വിജയം കൊള്ളും? ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുന്നതിന് പ്രധാന കാരണം കുടിയേറ്റ വിരുദ്ധ പ്രചാരണമായിരുന്നു. അധികാരത്തിൽ എത്തിയാൽ കുടിയേറ്റം കുറയ്ക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റം കുറയ്ക്കാൻ യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ് ചാനലിലെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത്.
എന്നാൽ തദേശീയരെ ലഭ്യമല്ലാത്ത പല ജോലികൾക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത് നെറ്റ് മൈഗ്രേഷൻ ഉയരുന്നതിന് കാരണമായിട്ടുണ്ട്. നൈപുണ്യ മേഖലയിലെ അന്യ രാജ്യ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമറുടെ പദ്ധതി എത്രമാത്രം വിജയകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വിദഗ്ധ തൊഴിലാളി വിസയിൽ യുകെയിൽ വരുന്ന കുടിയേറ്റക്കാർ യുകെയിൽ ജനിച്ചവരെക്കാൾ 20 മടങ്ങ് കൂടുതൽ രാജ്യത്തിന് സംഭാവന നൽകുന്നതായി മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദഗ്ധ പരിശീലനത്തെ മൈഗ്രേഷൻ ആയി ബന്ധപ്പെടുത്തി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലേബർ സർക്കാരിന്റെ ലക്ഷ്യമെന്ന് കെയർ സ്റ്റാർമർ ജൂലൈയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച നയം ഒരു പരുധിവരെ ആരോഗ്യമേഖലകൾക്ക് ഉൾപ്പെടെ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായാണ് അന്ന് വിലയിരുത്തപ്പെട്ടത്.
എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നത് മുതൽ 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
Leave a Reply