ഇംഗ്ലണ്ടില്‍നിന്നുള്ള വാര്‍ത്തയില്‍ പേടിക്കേണ്ട. വൈറസിന് പരിവര്‍ത്തനമുണ്ടാവുക സ്വാഭാവിക പ്രക്രിയ മാത്രം : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വൈറോളജി വിഭാഗം മുന്‍ മേധാവി

ഇംഗ്ലണ്ടില്‍നിന്നുള്ള വാര്‍ത്തയില്‍ പേടിക്കേണ്ട. വൈറസിന് പരിവര്‍ത്തനമുണ്ടാവുക സ്വാഭാവിക പ്രക്രിയ മാത്രം : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വൈറോളജി വിഭാഗം മുന്‍ മേധാവി
December 21 13:16 2020 Print This Article

ചെന്നൈ: വൈറസിന് പരിവര്‍ത്തനമുണ്ടാവുക എന്നതു സ്വാഭാവിക പ്രക്രിയയാണെന്നും ഇംഗ്ലണ്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു. ”കൊറോണ വൈറസിന്റെ ജനിതക ഘടനയിലുണ്ടാവുന്ന ചെറിയൊരു മാറ്റമാണിത്. കൂടുതല്‍ പേരിലേക്ക് എത്തിപ്പെടാനുള്ള ശേഷി വൈറസ് കൈവരിക്കുന്നതാണ് നമ്മള്‍ ഇംഗ്ലണ്ടില്‍ കാണുന്നത്.”

വൈറസിന്റെ അടിസ്ഥാന സ്വഭാവം മാറുന്നില്ല. മൂന്ന് ഘടകങ്ങളാണ് കൊറോണ വൈറസിനെ അടിസ്ഥാനപരമായി അടയാളപ്പെടുത്തുന്നത്. മനുഷ്യരെ ബാധിക്കുന്നു (എല്ലാ വൈറസുകളും മനുഷ്യരെ ബാധിക്കാറില്ല). വൈറസ് ബാധയുണ്ടാവുന്നവരില്‍ ഒരു വിഭാഗം രോഗികളായി മാറുന്നു. വൈറസ് ബാധിതരില്‍ പ്രതിരോധശേഷി ഉടലെടുക്കുന്നു. ഈ അടിസ്ഥാന സ്വഭാവത്തില്‍ ഇപ്പോഴും മാറ്റമില്ല. കോവിഡ് 19 വൈറസിന് പുതിയൊരു വകഭേദമുണ്ടായിട്ടുണ്ടെന്നാണ് ഇംഗ്ലളണ്ടില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതേ വാര്‍ത്ത ദക്ഷിണാഫ്രിക്കയില്‍നിന്നും വരുന്നുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. പുതിയ വകഭേദങ്ങളിലൂടെയാണ് വൈറസ് കൂടുതല്‍ പേരിലേക്കെത്തുന്നത്. കൂടുതല്‍ പടര്‍ന്നു പിടിച്ചാല്‍ അതിന്റെ അതിജീവനം കൂടും. ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ് വൈറസിന് വകഭേദമുണ്ടാവുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന വകഭേദം കൂടുതല്‍ മാരകമാണെന്ന് തെളിഞ്ഞിട്ടില്ല. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുവെന്നതാണ് ഇപ്പോഴുണ്ടായാട്ടുള്ള പ്രകടമായ മാറ്റം.

കൂടുതല്‍ ലോക്ക്ഡൗണിലേക്കൊന്നും പോകേണ്ട കാര്യമില്ല. സോഷ്യല്‍ വാക്സിന്റെ കാര്യത്തില്‍ അലംഭാവമുണ്ടാവരുത്. (മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക – ഇവയുള്‍പ്പെടുന്നതാണ് സോഷ്യല്‍ വാക്സിന്‍) മാസ്‌ക് ധരിക്കുന്നതില്‍ പലരും ഇപ്പോള്‍ അത്ര കണ്ട് ശ്രദ്ധിക്കുന്നില്ല. സാമൂഹിക സമ്പര്‍ക്കം ഇല്ലാതാക്കുകയല്ല സുരക്ഷിതമാക്കുകയാണ് വേണ്ടത്. പ്രായമുള്ളവരെ നിര്‍ബ്ബന്ധമായും വീട്ടിലിരുത്തണം.

ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള വാക്സിന്‍കൊണ്ട് തന്നെ ഈ പുതിയ വകഭേദത്തെ നേരിടാനാവും.
വൈറസിന്റെ അടിസ്ഥാന സ്വഭാവം മാറിയിട്ടില്ല. ഇപ്പോള്‍ ലഭ്യമായിട്ടുള്ളതും ഇനി ലഭ്യമാവാന്‍ പോകുന്നതുമായ വാക്സിനുകള്‍ ഈ വകഭേദത്തെയും നേരിടാന്‍ പര്യാപ്തമാണ്. വകഭേദം വരാത്ത വൈറസും വകഭേദം വന്ന വൈറസും തമ്മില്‍ മത്സരമുണ്ടാവും. ഈ മത്സരത്തില്‍ അതിജീവിക്കുക വകഭേദം വന്ന വൈറസായിരിക്കും. ഇംഗ്ലണ്ടില്‍ ഈ പുതിയ വകഭേദം കണ്ടുപിടിച്ചു. നമ്മുടെ നാട്ടിലും വകഭേദം വരാനുള്ള സാദ്ധ്യത ഏറെയാണ്. ഇതിനെക്കുറിച്ച് ഐ.സി.എം.ആര്‍. പഠനം നടത്തുന്നുണ്ടാവണം.

കേരളത്തില്‍ ഇപ്പോഴും വൈറസ് ബാധ കുറഞ്ഞിട്ടില്ല. ഡല്‍ഹിയിലും വൈറസ് ബാധയുടെ വ്യാപ്തി മറ്റുള്ളയിടങ്ങളിലേക്കാള്‍ അധികമാണ്. ഇവിടങ്ങളില്‍ വൈറസിന് വകഭേദമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഐ.സി.എം.ആറിന്റെ പഠനത്തില്‍ തെളിയും. വകഭേദം വന്ന വൈറസ് പുറത്തുനിന്നു വരണമെന്നില്ല. ഇംഗ്ലണ്ടില്‍ പുറത്തുനിന്നല്ല വന്നത്. ഇംഗ്ലണ്ടില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നത് ഒരു മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ്. എന്നാല്‍, ഇന്ത്യയില്‍തന്നെ വൈറസിന് വകഭേദമുണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പക്ഷേ, നമ്മള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല. നിതാന്ത ജാഗ്രതയാണ് വേണ്ടത്. നമുക്ക് ഇനിയും വാക്സിന്‍ ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ ജാഗ്രതയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവരുത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles