മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പുതിയ വാര്‍ത്ത. ലോകത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുഞ്ഞിന് മുലയൂട്ടി. മൂന്നര മാസം നീണ്ട ചികിത്സക്കൊടുവിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് മുലയൂട്ടാനായത്. പുരുഷനായി പിറന്ന് പിന്നീട് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയയാള്‍ക്കാണ് മാതൃത്വത്തിന്റെ ഈ സൗഭാഗ്യവും ലഭിച്ചിരിക്കുന്നത്.
വൈദ്യശാസ്ത്രത്തിന്റെ അപൂര്‍വനേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഹോര്‍മോണ്‍ ചികിത്സ തുടങ്ങി ആദ്യമാസം മുതല്‍ തന്നെ അനുകൂല ഫലം കാണ്ടുതുടങ്ങിയിരുന്നു. മൂന്ന് മാസമായപ്പോള്‍ 227 ഗ്രാം മുലപ്പാല്‍ ഒരു ദിവസം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് അവരുടെ ശരീരം മാറി. സ്‌ത്രൈണതയ്ക്കായുളള ഹോര്‍മോണ്‍ ചികിത്സയും പാലുല്‍പ്പാദിപ്പിക്കാനുളള മറ്റ് മരുന്നുകളും നല്‍കിയായിരുന്നു ചികിത്സ.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൂര്‍ണതോതില്‍ പ്രത്യുത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചാല്‍ ട്രാന്‍സ് വനിതകള്‍ക്കും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കും മുലയൂട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഗുണകരമാകുമെന്ന് ശാസ്ത്രലോകം പറയുന്നത്.
Leave a Reply