പൂനെ: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫ്രീഡം പരമ്പരയിലെ രണ്ടാം ടെസ്റ്റ് ടെസ്റ്റ് മത്സരം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. ടോസ് നേടിയ നായകന്‍ വിരാട് കോലി ഒന്നാം ദിനം ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതൊഴിച്ചാല്‍ ഇന്ത്യയ്ക്ക് ശക്തമായ തുടക്കം ലഭിച്ചിട്ടുണ്ട്. പക്ഷെ വിശാഖപട്ടണത്തു നിന്നും ടീം ഇന്ത്യ പൂനെയിലെത്തുമ്പോള്‍ ആര്‍പ്പുവിളികളും ആരവങ്ങളും തീരെയില്ലാതായി.
സംഭവമെന്തെന്നോ, പൂനെയില്‍ ഒന്നാം ദിനം കളി കാണാന്‍ നാമമാത്രമായ കാണികള്‍ മാത്രമേയുള്ളൂ. സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാന്‍ഡും ഒഴിഞ്ഞുകിടക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളില്ലാത്തത് അപൂര്‍വമാണ്. എന്തായാലും പൂനെയില്‍ കളി കാണാന്‍ ആളുകള്‍ വരാത്തതിന്റെ അന്വേഷണം ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിക്കഴിഞ്ഞു.
ഇടദിവസം മത്സരം തുടങ്ങിയതുകൊണ്ടാകാം കാണികളുടെ ഒഴുക്ക് തീരെ കുറഞ്ഞതെന്ന് ചിലര്‍ പറയുന്നു. ഇതേസമയം സംഭവത്തില്‍ ബിസിസിഐയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുമാണ് കുറ്റക്കാരെന്ന് വാദിക്കുന്നവരുമുണ്ട്.
രാജ്യത്തെ മറ്റു രാജ്യാന്തര സ്റ്റേഡിയങ്ങളെല്ലാം നഗര പ്രദേശത്താണ് നിലകൊള്ളുന്നത്. എന്നാല്‍ പൂനെ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ ചിത്രമിതല്ല. സ്റ്റേഡിയത്തിലെത്താന്‍ നഗരത്തില്‍ നിന്നും പുറത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇങ്ങോട്ടേക്ക് പൊതു ഗതാഗത സൗകര്യങ്ങള്‍ നന്നെ കുറവാണെന്ന് ആരാധകര്‍ പരാതി ഉന്നയിക്കുന്നു.
സ്റ്റേഡിയത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്താണ് ഏറ്റവും അടുത്ത ബസ്റ്റ് സ്‌റ്റോപ്പ്. ഐപിഎല്‍ സീസണില്‍ ടാക്‌സി സേവനങ്ങളെ ആശ്രയിച്ചാണ് കാണികള്‍ സ്റ്റേഡിയത്തിലെത്താറ്. നിലവില്‍ 2,500 രൂപയാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കാണാനുള്ള സീസണ്‍ പാസ്. പക്ഷെ പൂനെ സ്റ്റേഡിയത്തിലെത്താന്‍ ഇതിലും ഉയര്‍ന്ന തുക മുടക്കേണ്ടതായുണ്ടെന്ന് പൂനെയില്‍ നിന്നൊരു ആരാധകന്‍ പരിഭവം പറയുന്നു.
മഴ ഭീഷണിയും പൂനെയില്‍ കാണികളുടെ എണ്ണം കുറയാനുള്ള കാരണമാണ്. ഒപ്പം സ്റ്റേഡിയത്തിലെ പല സ്റ്റാന്‍ഡുകള്‍ക്കും മേല്‍ക്കൂരയില്ലെന്നത് കാണികളുടെ കടന്നുവരവിന് തടസ്സമാവുന്നു. സ്റ്റേഡിയത്തിന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രശ്‌നം, പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലും വിധത്തില്‍ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന നിരക്ക് എന്നിവയും സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Leave a Reply