ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശക്തമായ കാറ്റും കനത്ത മഴയും ബാധിച്ചതോടെ ബോലോ കൊടുങ്കാറ്റിനെ (Storm Boelo) തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദേശം. സ്കോട്ട്‌ ലൻഡ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ആംബർ കാലാവസ്ഥാ മുന്നറിയിപ്പ് നിലവിൽ വന്നു. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 80 മൈൽ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മറ്റു മേഖലകളിലും മണിക്കൂറിൽ 50 മുതൽ 60 മൈൽ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കനത്ത മഴയെ തുടർന്ന് ഇംഗ്ലണ്ടിൽ വെള്ളപ്പൊക്ക സാധ്യതയുള്ള 58 മുന്നറിയിപ്പുകളും വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്ന 12 മുന്നറിയിപ്പുകളും അധികൃതർ പുറപ്പെടുവിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊടുങ്കാറ്റ് വ്യോമ, റെയിൽ ഗതാഗതത്തെയും വൈദ്യുതി വിതരണത്തെയും ബാധിച്ചു. ഡബ്ലിൻ വിമാനത്താവളത്തിൽ ശനിയാഴ്ച വൈകിട്ട് നാലുവരെ കാലാവസ്ഥാ പ്രശ്നങ്ങളെ 19 വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച വീശിയ ആസ്റ്റൻ കൊടുങ്കാറ്റിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നൂറുകണക്കിന് വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴുവരെ 1,31,225 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി നാഷണൽ ഗ്രിഡ് അറിയിച്ചു. ശക്തമായ കാറ്റിൽ പറന്നുവീഴുന്ന വസ്തുക്കളും തീരത്ത് ആഞ്ഞടിക്കുന്ന തിരമാലകളും ജീവന് ഭീഷണിയാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും വീടിന് പുറത്തുള്ള വസ്തുക്കൾ സുരക്ഷിതമാക്കാനും നിർദേശമുണ്ട്.

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ നിരവധി പൊതുപരിപാടികളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. ലിവർപൂളിലെ പ്രശസ്തമായ ‘റിവർ ഓഫ് ലൈറ്റ്’ പ്രകാശോത്സവവും ലണ്ടനിലെ ഞായറാഴ്ചത്തെ ദീപാവലി ആഘോഷങ്ങളും സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. സ്കോട്ട്‌ല ൻഡിലെ എഡിൻബറോ കോട്ടയും നോർത്ത് യോർക്ക്ഷയറിലെ ഫൗണ്ടെയ്ൻസ് ആബി എസ്റ്റേറ്റും ഞായറാഴ്ച അടച്ചിടുമെന്ന് അറിയിച്ചു. വെള്ളിയാഴ്ച ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ആസ്റ്റൻ കൊടുങ്കാറ്റിന് പിന്നാലെയാണ് സീസണിലെ രണ്ടാമത്തെ പേരിട്ട കൊടുങ്കാറ്റായ ബോലോ എത്തുന്നത്. ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.