മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ എടുത്തു പോകുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ വിസിറ്റിങ്ങിനായി ദുബായിൽ എത്തുന്നവർ അവിടെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഒന്നു നോക്കാം.
വസ്ത്രധാരണം – തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ പോകുന്നതു പോലെ എന്തുതരം വസ്ത്രങ്ങളും ധരിച്ച് ദുബായിൽ പുറത്തിറങ്ങരുത്. എല്ലാവർക്കും ആവശ്യത്തിനു സ്വാതന്ത്ര്യം ദുബായിൽ ലഭിക്കുന്നുണ്ട്. എന്നാൽ മോസ്ക്കുകൾ പോലുള്ള സ്ഥലങ്ങളിൽ സന്ദർശകർക്ക് പ്രത്യേകം പറഞ്ഞിരിക്കുന്ന ചില ഡ്രസ്സ് കോഡുകളുണ്ട്. അവ പാലിക്കുക തന്നെ വേണം. ബീച്ചുകളിൽ ഉല്ലസിക്കുവാനും കുളിക്കുവാനുമൊക്കെ പോകുമ്പോൾ സ്വിമ്മിങ് സ്യൂട്ട് ധരിക്കാമെങ്കിലും മാന്യമായി വേണം എല്ലാം. ഒന്നോർക്കുക ഡ്രസ്സ് കോഡ് തെറ്റിക്കുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.
സ്ത്രീകളുമായുള്ള ഇടപെടൽ – ദുബായിൽ ചെല്ലുന്നവർ അപരിചിതരായ സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചിലരൊക്കെ നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റ് അടിക്കാനോ അനാവശ്യമായി പിന്തുടരാനോ പാടില്ല. അന്യ സ്ത്രീകളുമായി ഇടപെടേണ്ട ആവശ്യം വന്നാൽ അവരുടെ അനുവദമില്ലാതെ ഒരിക്കലും ഷേക്ക് ഹാൻഡിനായി കൈ നീട്ടരുത്. സംസാരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കുകയും വേണം.
അസഭ്യ വാക്കുകളുടെ ഉപയോഗം – നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഭക്ഷണം വൈകിയാൽ പോലും ചിലർ വെയിറ്ററുടെ മെക്കിട്ടു കയറുന്നത് കാണാം. ചിലപ്പോൾ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ സ്വഭാവമുള്ളവർ ദുബായിൽ ഇതൊന്നും പുറത്തെടുക്കാതിരിക്കുക. പൊതുവെ ദുബായിലുള്ളവർ വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരാണ്. അതുകൊണ്ട് നമുക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അസഭ്യവാക്കുകൾ പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ മാന്യമായി ഇടപെടുക.
പുകവലിയും മദ്യപാനവും – മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണ്. എങ്കിലും ദുബായിൽ ഇവ രണ്ടും നിരോധിച്ചിട്ടില്ല. എന്നു കരുതി പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനോ പുകവലിക്കുവാനോ (നിരോധനമുള്ളയിടത്ത്) പാടില്ല. ഇവ രണ്ടും ഉപയോഗിക്കുന്നതിനു മുൻപായി അവിടത്തെ നിയമങ്ങൾ ഒന്നറിഞ്ഞിരിക്കുക.
ഫോട്ടോഗ്രാഫി – ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ ക്യാമറയിൽ പകർത്തുവാൻ തക്കവിധത്തിലുള്ള ധാരാളം ഫ്രയിമുകളും കാഴ്ചകളും അവിടെ കാണാം. പക്ഷേ അപരിചിതരുടെ ഫോട്ടോകൾ അവരുടെ അനുവാദം കൂടാതെ എടുക്കുവാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് സ്ത്രീകളുടെ. പിടിക്കപ്പെട്ടാൽ പണിപാളും. അതുപോലെ ഫോട്ടോഗ്രാഫി നിരോധിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്നു ആദ്യമേ അറിഞ്ഞിരിക്കുക.
മരുന്നുകൾ – നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ കൂടെ ഇപ്പോഴും കഴിക്കുന്ന മരുന്നുകളും ഉണ്ടാകുമല്ലോ. ഈ മരുന്നുകൾ ദുബായിൽ നിരോധിച്ചിട്ടുള്ളവയാണോ എന്ന് പോകുന്നതിനു മുൻപായി പരിശോധിക്കേണ്ടതാണ്. നിരോധിച്ച മരുന്നുകൾ യാതൊരു കാരണവശാലും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല. അതിപ്പോൾ ഇവിടത്തെ ഡോക്ടറുടെ കുറിപ്പ് കയ്യിൽ ഉണ്ടെങ്കിലും കാര്യമില്ല.
ഡ്രൈവിംഗ് – ഇന്ത്യയിൽ നന്നായി കാർ ഓടിക്കുമെന്നു കരുതി ദുബായിൽ ചെന്നു ഡ്രൈവിംഗ് ഒന്നു പരീക്ഷിക്കണം എന്നു തോന്നിയാൽ അതിനു മുതിരാതിരിക്കുകയാണ് നല്ലത്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് നല്ല പിഴയും തടവും ഒക്കെയാണ്.
ഇതൊക്കെ കേട്ട് നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഇവയെല്ലാം ഒന്നു ശ്രദ്ധിച്ചാൽ ദുബായ് നിങ്ങൾക്ക് നല്ല കിടിലൻ അനുഭവങ്ങളായിരിക്കും നൽകുക. ഒന്നോർക്കുക ഇത്രയേറെ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ഗൾഫ് രാജ്യം ദുബായ് അല്ലാതെ വേറെയില്ല. അവധിക്കാലം അടിച്ചുപൊളിക്കുവാനായി വേണ്ടതെല്ലാം ദുബായിലുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി – ‘Give respect and take respect.’
Leave a Reply