ബിനോയ് എം. ജെ.

മനസ്സ് എന്ന പ്രതിഭാസം ആശയക്കുഴപ്പത്തിന്റെ (conflict)പര്യായം ആകുന്നു. ആശയക്കുഴപ്പത്തിൽ നിന്നും ചിന്ത ഉദിക്കുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ മനസ്സിന്റെയും ആശയക്കുഴപ്പത്തിന്റെയും ചിന്തയുടെയും സൃഷ്ടിയാകുന്നു. അതിനാൽ തന്നെ രാജയോഗത്തിന്റെ ആരംഭത്തിൽ പതഞ്ജലി മഹർഷി ഇപ്രകാരം പറയുന്നു.” യോഗശ്ചിത്തവൃത്തിനിരോധ:” അതായത് മനസ്സിന്റെ പ്രവൃത്തികളെ നിർമ്മാർജ്ജനം ചെയ്യുന്നത് ആകുന്നു ‘യോഗ’.

ആശയക്കുഴപ്പങ്ങൾ എങ്ങിനെ ഉണ്ടാകുന്നു? നിങ്ങളുടെ കുട്ടിയെ നിങ്ങൾ തല്ലുകയോ ശകാരിക്കുകയോ ചെയ്താൽ അത് സ്വാഭാവികമായും കരയുന്നു. തല്ലിന്റെ ശാരീരിക വേദന കൊണ്ടല്ല അത് കരയുന്നത് എന്ന് വ്യക്തം. അതിന്റെ പിറകിൽ ഒരു ആശയക്കുഴപ്പം കിടക്കുന്നു. തന്റെ മാതാപിതാക്കൾ തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് അതുവരെ കുട്ടി കരുതിയിരുന്നു. എന്നാൽ ഇപ്പോൾ മനസ്സിലായി അത് അങ്ങിനെയല്ല എന്ന്. ആയിരുന്നുവെങ്കിൽ അവർ തന്നെ തല്ലുകയോ ശകാരിക്കുകയോ ചെയ്യുമായിരുന്നില്ല. പരസ്പരവിരുദ്ധങ്ങളായ ഈ ആശയങ്ങൾ മനസ്സിൽ പ്രവേശിക്കുമ്പോൾ കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു. അതിന് ദുഃഖമുണ്ടാകുന്നു.

ഭാരതീയ തത്ത്വചിന്തകന്മാർ മനുഷ്യന്റെ ദുഃഖത്തിനു കാരണം അന്വേഷിക്കുന്നു. അത് ആശയക്കുഴപ്പം തന്നെ എന്ന് പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ അടിവരയിട്ട് പറയുകയും ചെയ്യുന്നു. ആശയ കുഴപ്പങ്ങളിൽ നിന്നും കര കയറിയാൽ ദുഃഖങ്ങളിൽ നിന്നും കര കയറാം. ലളിതമായ ആശയക്കുഴപ്പങ്ങളിൽ തുടങ്ങി സങ്കീർണമായ ആശയക്കുഴപ്പങ്ങൾ വരെ ജീവിതം എന്നും ആശയക്കുഴപ്പങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്നു. ആശയക്കുഴപ്പങ്ങൾ മനസ്സിനെ പ്രക്ഷുബ്ധമാക്കുകയും അതിന്റെ സുതാര്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അപ്പോൾ ഉള്ളിലുള്ള ഈശ്വരന്റെ പ്രകാശം നമ്മളിൽ എത്താതെ പോകുന്നു. സദാ ദുഃഖത്തിൽ കഴിയുന്നവർക്ക് അറിവു കുറയുന്നതിന്റെ കാരണം ഇതാണ്.

നിങ്ങൾ ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിനുള്ള ഓരോ പരിശ്രമത്തിലും നിങ്ങൾ വീണ്ടും വീണ്ടും അതേ പ്രശ്നത്തിൽ വന്നു വീഴുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഗുരുതരമായ ആശയക്കുഴപ്പത്തിൽ ആണെന്ന് പറയാം. ജീവിതം തന്നെ ഒരു ആശയക്കുഴപ്പമാണ്. നാം ഈ ജീവിതത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുമ്പോൾ, ഈ ശരീരത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ , ഒരു ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുന്ന മനുഷ്യൻ അതിനുള്ള ഓരോ പരിശ്രമത്തിലും വീണ്ടും വീണ്ടും ജീവിത പ്രശ്നങ്ങളിലേക്ക് തന്നെ വഴുതിവീഴുന്നു. ഇത് വിചിത്രമായ ഒരു പ്രതിഭാസമാണ്. എന്നാൽ അതാണ് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് ജീവിതപ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം വേണം. പ്രശ്നത്തെ കൃത്രിമമായി സൃഷ്ടിക്കാതെ അതിന് പരിഹാരം കണ്ടുപിടിക്കുവാൻ ആവില്ല. ഇപ്രകാരം നാം ഓരോ നിമിഷവും ജീവിതപ്രശ്നങ്ങളെ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ തന്നെ ജീവിതപ്രശ്നങ്ങൾ നൈസർഗ്ഗികമല്ലെന്ന് അനുമാനിക്കാം. സ്വാർത്ഥത കൊണ്ട് വിചാരിക്കുന്നു. വാസ്തവത്തിൽ സ്വാർത്ഥതാ പരിത്യാഗമാകുന്നു ആനന്ദത്തിലേക്കുള്ള വാതിൽ. ജീവിത പ്രശ്നങ്ങൾക്ക് ഉണ്മയില്ല. ഇതൊരുതരം ആശയക്കുഴപ്പം മാത്രമാണ്. ഇതാണ് ഏറ്റവും അടിസ്ഥാനപരമായ ആശയക്കുഴപ്പം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.