മുന്‍ ദൂരദര്‍ശന്‍ അവതാരക കാഞ്ചന്‍ നാഥ്(58) പ്രഭാത സവാരിക്കിടെ തെങ്ങ് വീണ് മരിച്ചു. മുംബൈയിലെ ചെമ്പൂരില്‍ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം.
നിലവില്‍ യോഗ അധ്യാപിക കൂടിയാണ് ഇവര്‍. പ്രഭാത സവാരി നടത്തുന്നതിനിടെ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുകയായിരുന്ന തെങ്ങ് പൊടുന്നനെ ദേഹത്ത് വീഴുകയായിരുന്നു.
സമീപത്തെ കടകളില്‍ നില്‍ക്കുകയായിരുന്നവര്‍ തെങ്ങിനടിയില്‍ അകപ്പെട്ട ഇവരെ വലിച്ചെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.. സമീപത്തെ കടയിലെ സിസിടിവി കാമറയില്‍ തെങ്ങ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ബിര്‍ഹാന്‍ മുബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിന് ഇടവരുത്തിയതെന്ന് കാഞ്ചന്‍നാഥിന്റെ ഭര്‍ത്താവ് രജത് നാഥ് ആരോപിക്കുന്നു. തെങ്ങ് മുറിച്ചു നീക്കാന്‍ കോര്‍പ്പറേഷന്റെ അനുമതി തേടിയിരുന്നെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നു.