ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അടുത്ത മാസം മുതൽ തന്നെ വാക്സിൻ പാസ്പോർട്ട് സംവിധാനം നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ. തുടക്കത്തിൽ തിയേറ്ററുകളിലും സ്റ്റേഡിയങ്ങളിലും ആയിരിക്കും ഈ സംവിധാനം നടപ്പിലാക്കുക. പിന്നീട് ഇതു പബ്ബുകളിലേക്കും, റസ്റ്റോറന്റ്, നൈറ്റ് ക്ലബ് മുതലായ സ്ഥലങ്ങളിലും നടപ്പിലാക്കും. ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് വിരൽത്തുമ്പിൽ ലഭിക്കുക എന്നതാണ് വാക്സിൻ പാസ്പോർട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും, അതോടൊപ്പം തന്നെ സ്റ്റേഡിയങ്ങൾ, റസ്റ്റോറന്റുകൾ മുതലായവയിലേക്കുള്ള എൻട്രിക്കും സഹായകമാകും. എന്നാൽ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായിരിക്കുന്നത്. എഴുപത്തിരണ്ടോളം എംപിമാരാണ് ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ജനങ്ങളിൽ വിവേചനത്തിന് ഇടയാക്കുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. ഇതോടൊപ്പംതന്നെ ജൂൺ 21 മുതൽ നിയന്ത്രണങ്ങൾ എല്ലാം അവസാനിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും, വാക്സിൻ പാസ്പോർട്ട് സ്കീമിനെ അനുസരിച്ചായിരിക്കും എന്നുള്ളത് വിവാദങ്ങൾക്ക് വീണ്ടും വഴിവയ്ക്കുന്നു.
വാക്സിൻ പാസ്പോർട്ട് സംവിധാനം ബിസിനസ് ചെയ്യുന്നവർക്കും, കസ്റ്റമേഴ്സിനും കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ യാത്രകൾക്ക് വാക്സിൻ പാസ്പോർട്ടുകൾ ഇനിമുതൽ നിർബന്ധമാകും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 50 വയസ്സിന് മുകളിലുള്ളവരിൽ 93 ശതമാനത്തോളം വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ ഈസ്റ്റർ കാലത്ത് ജനങ്ങൾ ജാഗ്രത കൂടുതൽ പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുന്നുണ്ട്.
പുതിയ സ്കീമിലൂടെ ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് ഫോണിലൂടെ അറിയാൻ സാധിക്കും. ഇതിനായി എൻഎച്ച്എസ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുകയാണ്. എല്ലാവരും ഇത് അംഗീകരിക്കണമെന്നും, ഇനിയുള്ള വിദേശ യാത്രകൾക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
Leave a Reply