ഭോപ്പാല്‍: കശ്മീരിലെ കലാപകാരികളുടെ കല്ലേറ് സൈന്യത്തിന് ഭീഷണിയാകുമ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണങ്ങളെ നേരിടാന്‍ തങ്ങള്‍ സൈന്യത്തെ സഹായിക്കാമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.
തങ്ങളുടെ പരമ്പരാഗതമായ ആയുധമായ ഗോഫാന്‍( പ്രത്യേക തരം കവണ) ഉപയോഗിച്ച് കല്ലെറിയുന്ന പ്രതിഷേധക്കാരെ നേരിടാമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ജാബ്വ ജില്ലയില്‍ ഉള്ള ഭില്‍ ഗോത്രത്തില്‍ പെട്ടവരാണ് പ്രധാനമന്ത്രിക്കയച്ച നിവേദനത്തില്‍ സൈന്യത്തെ സഹായിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. കശ്മീരില്‍ ആള്‍ക്കുട്ടത്തിന്റെ കല്ലേറില്‍ നിസഹായരായി നില്‍ക്കുന്ന സുരക്ഷാ സൈന്യത്തിന്റെ ഗതികേട് അറിഞ്ഞാണ് ഇവര്‍ നിവേദനം അയച്ചിരിക്കുന്നത്.. കല്ലിനുപകരം കല്ലുപയോഗിച്ച് ഉചിതമായ മറുപടി നല്‍കാമെന്ന് അവര്‍ പറയുന്നു. അങ്ങനെ അവരെ പിന്തിരിപ്പിക്കാമെന്നും നിവേദനത്തില്‍ പറയുന്നു.
ചെറിയ കയര്‍ ഉപയോഗിച്ചു ലളിതമായി നിര്‍മ്മിക്കാവുന്നതാണ് ഗോഫാന്‍ എന്ന കവണ. ഇതിന്റെ മധ്യഭാഗത്ത് റബ്ബര്‍ അല്ലെങ്കില്‍ തോല്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക ഭാഗമുണ്ടാകും. ഇതിലാണ് എറിയാനുള്ള കല്ല് വെയ്ക്കുന്നത്. തുടര്‍ന്ന് ഈ കവണ കറക്കുന്നതിനൊപ്പം കയറിന്റെ ഒരുഭാഗം അയച്ചുവിടുന്നു. അപ്പോള്‍ ഇതില്‍ വെച്ചിരിക്കുന്ന കല്ല് വളരെ ശക്തിയില്‍ ലക്ഷ്യത്തിലേക്ക് കുതിക്കും. ആദിവാസികള്‍ വേട്ടയാടാനും ആക്രമണങ്ങളെ പ്രതിരോധിക്കാനുമായാണ് ഗോഫാന്‍ ഉപയോഗിക്കുന്നത്.
ഇത്തരം കവണ ഉപയോഗിക്കുന്ന ബറ്റാലിയന്‍ തന്നെ സൈന്യത്തില്‍ ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കസത്തില്‍ ആദിവാസികള്‍ ആവശ്യപ്പെടുന്നത്. ഒരാള്‍ കല്ലെറിയുന്നതിനേക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ ഗോഫാന്‍ ഉപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും പരിചയസമ്പന്നരായ ഇവര്‍ക്ക് 50 മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് ഇതുപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും പോലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടുകളായി ഇവര്‍ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധമാണ് ഗോഫാന്‍.
ജില്ലാകളക്ടറെയാണ് ഇവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പ്രധാനമന്ത്രിക്കയക്കാനായി ഏല്‍പ്പിച്ചത്. കശ്മിരില്‍ സുരക്ഷാ സൈന്യം നിസഹായരായി നില്‍ക്കുന്നതുകണ്ട് രാജ്യസ്‌നേഹികളായ തങ്ങള്‍ക്ക് സഹിക്കുന്നില്ലെന്നും എത്രയും പെട്ടന്ന് ഒരു ഗോഫാന്‍ ബറ്റാലിയന്‍ രൂപീകരിച്ച് കശ്മീരിലേക്കയക്കണമെന്നും അവര്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പാരമ്പര്യമുള്ള തങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
Leave a Reply