ആദിവാസി മേഖലകളില്‍ കുടിവെള്ള പദ്ധതിക്കായി ലക്ഷങ്ങൾ ചെലവാക്കുന്നുണ്ടെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ്. വാണിമേൽ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്ച്യ കോളനിയിൽ വെള്ളമെത്തിക്കാൻ 13 ലക്ഷം ചെലവിട്ട ശേഷം പദ്ധതി പാതിവഴിയിൽ നിർത്തി. കൊടും വേനലിൽ പുഴയ്ക്കൊപ്പം നീരുറവകളും വറ്റുന്നതോടെ കുടി നീരിനായി അലയുകയാണ് കുടുംബങ്ങൾ.
വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്യ കോളനിയിലെ നാല്‍പ്പത്തിയഞ്ച് കുടുംബങ്ങളിലെ 194 പേരുടെ നാവ് നനയ്ക്കുന്നത് വറ്റാറായ ഈ നീരുറവയാണ്. കരിങ്കല്ലുകൊണ്ട് കെട്ടി മുകളില് ഓലമെടഞ്ഞിട്ടാണ് കുറിച്യര്‍ കൂടിനീര് കാക്കുന്നത്. അലക്കാനും കുളിക്കാനും രണ്ട് കിലോമീറ്റര്‍ ദൂരെ കണ്ണൂരിന്‍റെ അതിര്‍ത്തിയിലുള്ള പാലൂര്‍ തോട്ടില്‍ പോകണം. തോടും വറ്റാറായി.
ഇവിടേക്ക് വെള്ളമെത്തിക്കാനായി 2011 ല്‍ വാട്ടര്‍ അതോറിറ്റി ഒരു പദ്ധതി തുടങ്ങിയിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പന്നിയൂരുനിന്ന് വെള്ളം പൈപ്പ് വഴി എത്തിച്ച് ഇവിടെ ടാങ്കില്‍ നിറയ്ക്കാനായി 13ലക്ഷം അന്ന് മുടക്കി. റോഡുപണി നടക്കുന്ന സമയത്ത് പൈപ്പൊക്കെ വലിച്ചുമാന്തി കളഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.
എട്ടുകൊല്ലം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലായില്ല. പിന്നീട് ആറ് ലക്ഷം മുടക്കിയാണത്രേ ഇവിടെയുള്ള ചെറിയ കുഴി കല്ലിട്ട് കെട്ടിയത്. ഇതിലെ വെള്ളവും കോളനിയിലുള്ളവര്‍ക്ക് കൊടുത്ത് തുടങ്ങിയിട്ടില്ല. പൊരിവെയിലത്ത് സര്‍ക്കാരിന്‍റെ ലക്ഷങ്ങള്‍ ആവിയാകുന്നതല്ലാതെ മലമുകളിലെ മനുഷ്യരുടെ തൊണ്ടനയുന്നില്ല.
പത്തനംതിട്ട ഏനാത്ത് ഓലിക്കുളങ്ങര കോളനിയില്‍ കുടിവെള്ളമില്ലാതെ താമസക്കാര്‍. ജല അതോരിറ്റിയുടെ ടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്നുമാസം പിന്നിട്ടു. കുടിവെള്ളമെത്തിക്കാന്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു ഫലവുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ് ഓലിക്കുളങ്ങരകോളനി.കോളനിയിലെ ജലശ്രോതസുകള്‍ വറ്റിവരണ്ടു. പൊതുടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്ന്മാസത്തിലേറെയായി. ഈ സാഹചര്യത്തില്‍ കുടിവെള്ളമില്ലാതെ വലയുകയാണ് ഇവിടുത്തെ താമസക്കാര്‍.
വാഹനങ്ങളില്‍ വെള്ളമെത്തിച്ചുനല്‍കാനാവശ്യപ്പെട്ട് അധികൃതരെ കോളനിയിലെ താമസക്കാര്‍ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.ജലവിതരണത്തിനായി ചെറുകിടപദ്ധതിസ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. പക്ഷേ ഇതുവരെ വെള്ളം എത്തിയിട്ടില്ല. ജലസംഭരണിയും മോട്ടോര്‍ പുരയും അടയാളമായി ശേഷിക്കുന്നുണ്ട്. ഇനി പ്രത്യക്ഷസമരത്തിനിറങ്ങാനാണ് കോളനിക്കാരുടെ തീരുമാനം
അടിമാലി ചാറ്റുപാറക്കുടി ആദിവാസിക്കുടിയില്‍ കുടിവെള്ളമില്ല. ആകെയുള്ള കുടിവെള്ള സ്രോതസായ തണ്ണിക്കുഴികളും മുന്‍ വര്‍ഷങ്ങളേക്കാള്‍ വറ്റുന്നു. ലക്ഷങ്ങള്‍ മുടക്കിയ പഞ്ചായത്തിന്റെ ജലവിതരണ പൈപ്പുകള്‍ വെറും നോക്കുകുത്തിയായി.
അടിമാലിയിലെ മലയരയ, മന്നാന്‍ ആദിവാസി വിഭാഗങ്ങള്‍ കൂടുതലും താമസിക്കുന്ന മലയോര മേഖലയാണ് ചാറ്റുപാറക്കുടി. ആകെ 92 കുടുംബങ്ങള്‍. ഇതില്‍ നാല്‍പത് കുടുംബങ്ങള്‍ക്ക് വെള്ളമില്ല. തണ്ണിക്കുഴിയിലിറങ്ങി ഇങ്ങനെ കോരിയെടുക്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. വേനല്‍ കടുത്തതോടെ ഈ കുഴികളിലും വെള്ളം അതിവേഗം വറ്റുകയാണ്. കനത്ത ചൂട് കാലത്ത് ഒന്ന് കുളിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ.
അടിമാലി പഞ്ചായത്തിന്റെ ലക്ഷങ്ങള്‍ മുടക്കിയുള്ള ജലവിതരണ പദ്ധതി ഇവിടെ നോക്കുകുത്തിയാണ്. എല്ലാ വീടുകള്‍ക്ക് മുന്നിലും പഞ്ചായത്തിന്റെ പൈപ്പുണ്ടെങ്കിലും ഒരു തവണപോലും വെള്ളമെത്തിയിട്ടില്ല. വെള്ളമില്ലാത്ത പൈപ്പുകള്‍ക്ക് മുന്നിലൂടെ വെള്ളം പണംകൊടുത്ത് വാങ്ങാന്‍ നിവൃത്തിയില്ലാത്ത ഈ സാധാരണക്കാര്‍ കിലോമീറ്ററുകളോളം ഇങ്ങനെ നടന്നാലെ വെള്ളംകുടി മുട്ടാതിരിക്കൂ. വരുന്ന തീവ്ര വേനലിനെ പേടിയോടെ മാത്രം മുന്നില്‍ക്കണ്ടാണ് ഈ മനുഷ്യരുടെ ജീവിതം
Leave a Reply