ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. മുത്തലാഖ് നിരോധിക്കാന്‍ ആറു മാസത്തിനുള്ളില്‍ നിയമ നിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നതു വരെ ആറ് മാസത്തേക്ക് മുത്തലാഖിന് കോടതി വിലക്കും ഏര്‍പ്പെടുത്തി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ മൂന്ന് പേര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സ്വീകരിച്ചത്.
മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസും മുത്തലാഖ് ലംഘിക്കുന്നുണ്ടോ എന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. മുത്തലാഖ്, നിക്കാഹ്, ഹലാല എന്നിവയ്‌ക്കെതിരെ ലഭിച്ചവയും സ്വമേധയാ എടുത്തതുമുള്‍പ്പെടെ ഏഴ് ഹര്‍ജികളില്‍ കോടതി വാദം കേട്ടിരുന്നു. ആയിരം പേജുള്ള വിധിപ്രസ്താവത്തിലാണ് ചരിത്രപരമായ തീരുമാനം കോടതി അറിയിച്ചത്.
15 വര്‍ഷം നീണ്ട വിവാഹബന്ധം ഫോണ്‍ കോളിലൂടെ അവസാനിപ്പിച്ചതിനെതിരെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സൈറാ ബാനു നല്‍കിയ ഹര്‍ജി, കത്തിലൂടെ മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്‌റത് ജഹാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നവരുടെ ഹര്‍ജികളാണ് പരിഗണിച്ചത്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുത്തലാഖിനെ അനുകൂലിച്ച് കേസില്‍ കക്ഷിചേര്‍ന്നിരുന്നു.
Leave a Reply