ഒമ്പത് മണിക്കൂറിലേറെ സമയം ശിവശങ്കറിനെ ചോദ്യം ചെയ്തു; അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ക്കിടയില്‍ പുലര്‍ച്ചെ വീട്ടില്‍ എത്തിച്ചു കസ്റ്റംസ് അധികൃതര്‍

ഒമ്പത് മണിക്കൂറിലേറെ സമയം ശിവശങ്കറിനെ ചോദ്യം ചെയ്തു; അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ക്കിടയില്‍ പുലര്‍ച്ചെ വീട്ടില്‍ എത്തിച്ചു കസ്റ്റംസ് അധികൃതര്‍
July 15 08:50 2020 Print This Article

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലെറെ സമയം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്തല്‍ പൂര്‍ത്തിയായത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക്. ചോദ്യം ചെയ്യല്‍ വീണ്ടും നടന്നേക്കുമെന്നാണ് സൂചന. ശിവശങ്കറിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കസ്റ്റ്ംസ് അധികൃതര്‍ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശിവശങ്കര്‍ സെക്രട്ടറിയേറ്റിന് സമീപിത്തെ കസ്റ്റ്ംസ് ഓഫീസില്‍ എത്തുകയായിരുന്നു.

പിന്നീടാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്, സ്വപ്‌ന സുരേഷ് സന്ദീപ് നായര്‍ എന്നിവരുമായി ശിവശങ്കരനുള്ള ബന്ധത്തെക്കുറിച്ച് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതായാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോകാന്‍ കാരണമെന്ന് സൂചനയുണ്ട്. കൊച്ചിയില്‍നിന്ന് കസ്റ്റംസ് കമ്മീഷണർ ഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ഇതിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന വാര്‍ത്തകളും പരന്നു. രാത്രി 12 മണിയോടെ കസ്റ്റംസ് ആസ്ഥാനത്തി്‌ന് മുന്നില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി ആസ്ഥാനത്തിന്റെ ഗേറ്റ് ഉദ്യോഗസഥര്‍ അടയ്ക്കുകയും ചെയ്തു. ഇതാണ് അറസ്റ്റ് നടക്കാാന്‍ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇന്ന് കസ്റ്റംസ് കടന്നേക്കുമെന്ന് സൂചനയുണ്ട്.

പുലര്‍ച്ച രണ്ടേ മുപ്പതോടെയാണ് കസ്റ്റംസ് ആസ്ഥാനത്തുനിന്ന് ഒരു വാഹനം പുറപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള വാഹനമായിരുന്നു അത്. പിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കര്‍ കടന്നുപോയത്. അദ്ദേഹത്തിന്റെ വാഹനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് കണ്ടതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ശിവശങ്കര്‍ ഉദ്യോഗസ്ഥരുടെ വാഹനത്തോടൊപ്പം പൂജപ്പുരയിലെ വസതിയില്‍ എത്തിയത്. ഇതോടെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലം വിരാമമായത്. അത്തരം നടപടികളിലേക്ക് അധികൃതര്‍ ഇന്ന് കടന്നേക്കുമെന്ന സൂചനയുണ്ട്. ചോദ്യം ചെയ്യാന്‍ ശിവശങ്കറിനെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിളിച്ചുവരുത്തിയത്. ഡി ആര്‍ ഐ സംഘവും ചോദ്യം ചെയ്യലിലുണ്ടായിരുന്നു. ശിവശങ്കറിന്റെ നമ്പറിലേക്ക് സരിത്ത് ഒമ്പത് തവണയാണ് വിളിച്ചത്. ശിവശങ്കര്‍ തിരിച്ച് അഞ്ച് തവണയും വിളിച്ചു. ശിവശങ്കറിന്റെ വിവാദ ഫോണ്‍ വിളികളെ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് ശിവശങ്കറിന്റെ ഫ്‌ളാറ്റിന് തൊട്ടുമുന്നിലുളള ഹില്‍ട്ടന്‍ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌നയും സരിത്തും ഇവിടെ എത്താറുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക റജിസറ്റരും കസ്റ്റംസ് പരിശോധിച്ചു. ഹോട്ടലില്‍ ഈ മാസം ഒന്ന് രണ്ട് തീയതികളില്‍ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ കസ്റ്റംസ് അധികൃതര്‍ വീണ്ടും തിരച്ചല്‍ നടത്തി. ഇവിടെനിന്നും ഫോണുകള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles