ബാലതാരമായും അവതാരകയായുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് മീനാക്ഷി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട് മീനാക്ഷി.
എന്നാൽ ഇന്ന് മീനാക്ഷി പങ്കുവച്ച ഒരു സാധാരണ ഫോട്ടോ വലിയ ചർച്ചയായിരിക്കുകയാണ്. കയ്യിൽ തന്റെ രണ്ട് ഷൂസും പിടിച്ച് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. ഒപ്പം “ഷൂ ഷൂ,” എന്ന് കാപ്ഷനും നൽകിയിരിക്കുന്നു.
ചിത്രം പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ കമന്റുകളുടെ പെരുമഴയായിരുന്നു ആ പോസ്റ്റിന് താഴെ. ഷൂ എന്ന വാക്കിനും ചിത്രത്തിലെ ഷൂകൾക്കുമെല്ലാം വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയായിരുന്നു കമന്റുകൾ.
ആരെയോക്കെയോ ട്രോളിക്കൊണ്ടുള്ള ചിത്രം എന്ന തരത്തിലും മറ്റും പോസ്റ്റിന് കീഴിൽ കമന്റുകൾ വന്നു. പോസ്റ്റിലെ ഈ അപ്രതീക്ഷിത കമന്റുകൾ കണ്ട മീനാക്ഷി ഒരു കമന്റിൽ ഒന്നും മനസ്സിലാവാതെ കണ്ണും തള്ളിനിൽക്കുന്ന രണ്ടു സ്മൈലികളും കമന്റ് ചെയ്തിട്ടുണ്ട്.
ട്രോളർമാരും ഈ പോസ്റ്റിനെ ആഘോഷമാക്കി. പോസ്റ്റിലെ കമന്റുകൾ കാണുന്ന മീനാക്ഷിയുടെ മനാസികാവസ്ഥ എന്താവുമെന്നുമൊക്കെ ചിന്തിച്ചുകൊണ്ടുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.
ഷൂവിന്റെ ചിത്രം ഇത്ര വലിയ പുകിലുണ്ടാക്കിയെങ്കിലും മീനാക്ഷി മുൻപ് പങ്കുവച്ച ചിത്രങ്ങളുടെയെല്ലാം കമന്റ് ബോക്സുകളിൽ അന്തരീക്ഷം ശാന്തമായിരുന്നു.
ബാലതാരമായെത്തിയ മീനാക്ഷി ഒരു ചിത്രത്തിൽ പ്രധാന കഥാപാത്രമായി സ്ക്രീനിലെത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുടെ ചലച്ചിത്ര രൂപത്തിലാണ് മീനാക്ഷി പ്രധാന കഥാപാത്രമായി എത്തുന്നത്.
‘പ്രകാശം പരത്തുന്ന പെൺകുട്ടി’യുടെ വേഷത്തിലുള്ള ഒരു ചിത്രം മീനാക്ഷി അടുത്തിടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
“ഇനി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആയാലോ എന്നാ… ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം അന്ന് പങ്കു വച്ചത്.
Leave a Reply