മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു പ്രസ്താവന.
‘കാണാൻ സാധിക്കാത്ത ഒരു ശത്രുവിൽ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലും, അമേരിക്കയിലെ പൊരന്മാരുടെ ജോലി സംരക്ഷിക്കണമെന്നതിനാലും മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ ഞാൻ ഒപ്പ് വയ്ക്കും’- ട്രംപ് കുറിച്ചു.
മണിക്കൂറുകൾക്ക് മുമ്പ് വരെ ഏറെ ഉത്സാഹത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും സംസാരിച്ച് കാണപ്പെട്ട ട്രംപ് ഇത്തരത്തിലൊരു ട്വീറ്റ് കുറിച്ചത് ഞെട്ടിച്ചുവെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തന്നെ ചില യൂറോപ്യൻ രാജ്യങ്ങൾ, ചൈന, കാനഡ, മെക്‌സിക്കോ, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്നോണ മാകും നിലവിലെ തീരുമാനം.
പെട്ടെന്നുള്ള ട്രംപിന്റെ ഈ തീരുമാനം വലിയ ആശയക്കുഴപ്പങ്ങളാണ് വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നവരിൽ സൃഷ്ടിച്ചിരിക്കുന്നത്. എത്ര നാൾ വരെയാകും ഈ വിലക്കെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കാൻ തയാറായിട്ടില്ല.
Leave a Reply