കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തി തൃപ്തി ദേശായിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.45ന് വിമാനത്താവളത്തിലെത്തിയ തൃപ്തിയെയും സംഘത്തെയും പുറത്തേക്കു കൊണ്ടുപോകാന്‍ ടാക്‌സികളും തയ്യാറാകുന്നില്ല. അക്രമികള്‍ വാഹനം നശിപ്പിക്കുമെന്ന ആശങ്ക മൂലമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറാകാത്തത്. പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തിലാണ് പൂനെയില്‍ നിന്ന് ഇവര്‍ കൊച്ചിയിലെത്തിയത്. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം നിലയ്ക്കലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നും ഉടന്‍ തിരിച്ച് പോകണമെന്നുമാണ് ഇവര്‍ പറയുന്നത്. കാര്‍ഗോ ടെര്‍മിനല്‍ വഴി തൃപ്തിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെയും ഉപരോധം നടത്തി.
പുലര്‍ച്ചെ കുറച്ചു പേര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. പിന്നീട് കൂടുതല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തി. ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.











Leave a Reply