വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണിത്. ഷാജി കൈലാസിന്റെ സിനിമയുടെ രണ്ടു ദിവസത്തെ വര്‍ക്കിനു വേണ്ടിയാണ് മമ്മുക്ക അന്ന് തലസ്ഥാനനഗരിയിലെത്തിയത്. ആദ്യ ദിവസം ഉച്ചയ്ക്ക് രണ്ടു രണ്ടര മണിക്ക് മമ്മുക്കയുടെ ഫോണ്‍ കോള്‍.
‘സുരേഷേ, ഞാനിവിടെ കൈരളി സ്റ്റുഡിയോയ്ക്ക് അടുത്തുള്ള വീട്ടിലുണ്ട്. ഇന്നു തന്നെ ഒന്നു കാണണം.’
അപ്പോള്‍ തന്നെ ഞാന്‍ ബൈക്കുമെടുത്ത് ലൊക്കേഷനിലെത്തി. പത്തു മിനുട്ടുനേരം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. പിറ്റേ ദിവസം ഉച്ചയ്ക്കു ശേഷം എനിക്ക് എറണാകുളത്തേക്കു പോകേണ്ട കാര്യം പറഞ്ഞപ്പോള്‍ നമുക്കൊന്നിച്ചുപോകാമെന്നായി മമ്മുക്ക.

”ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ എന്റെ വര്‍ക്ക് തീരും. നാലു മണിക്ക് ഞാന്‍ കാറുമെടുത്ത് നിന്റെ വീടു വഴി വരാം.”
എന്നു പറഞ്ഞാണു പിരിഞ്ഞത്. പിറ്റേ ദിവസം നാലുമണി കഴിഞ്ഞപ്പോള്‍ പൂജപ്പുരയിലുള്ള എന്റെ വീട്ടിലേക്ക് മമ്മുക്കയുടെ കാര്‍ കയറിവന്നു. കുറച്ചുസമയം വീട്ടിലിരുന്നു സംസാരിച്ചതിനു ശേഷം കാറെടുത്ത് നേരെ ഹൈവേയിലേക്ക്. ഡ്രൈവറെ തലേദിവസം പറഞ്ഞയച്ചതിനാല്‍ മമ്മുക്കയായിരുന്നു കാറോടിച്ചിരുന്നത്. അന്നു വാഹനപണിമുടക്കായതിനാല്‍ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്‍ കൊല്ലം ചവറയിലെത്തിയപ്പോള്‍ റോഡ് വിജനം. സമയം രാത്രി എട്ടു മണിയായിക്കാണും. ദൂരെ ഹൈവേയ്ക്കരികില്‍ നിന്ന് ഗര്‍ഭിണിയായ ഒരു സ്ത്രീയും വൃദ്ധനും എല്ലാ വണ്ടികള്‍ക്കും കൈകാണിക്കുകയാണ്. പക്ഷേ ആരും നിര്‍ത്തുന്നില്ല. അവര്‍ ഞങ്ങളുടെ കാറിനും കൈ കാണിച്ചു. മമ്മുക്ക ബ്രേക്കിട്ടു. എന്നിട്ട് എന്നോടായി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”എവിടെ പോകാനാണെന്നു ചോദിക്ക്”
കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഞാന്‍ ചോദിക്കാനൊരുങ്ങും മുമ്പേ അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു.
”സാര്‍, ഞങ്ങള്‍ക്ക് ആലപ്പുഴ ഗവ.ആശുപത്രിയിലാണ് എത്തേണ്ടത്. ഇവള്‍ക്ക് നാളെയാ ഡേറ്റ് പറഞ്ഞിരിക്കുന്നത്. പക്ഷേ രാത്രിയായപ്പോള്‍ തന്നെ നല്ല വേദന.”
മമ്മുക്കയുടെ നിര്‍ദേശപ്രകാരം ഞാന്‍ അവരോടു കയറാന്‍ പറഞ്ഞു. ദൈവത്തിനു സ്തുതി പറഞ്ഞ് അവര്‍ കാറിന്റെ പിന്‍സീറ്റിലേക്കു കയറി. കാര്‍ നീങ്ങിത്തുടങ്ങിയതോടെ ഗര്‍ഭിണിയായ സ്ത്രീ വൃദ്ധന്റെ മടിയിലേക്കു ചാഞ്ഞു.
”വളരെ ഉപകാരം സാര്‍. ഒരു മണിക്കൂറായി ഹൈവേയില്‍ വണ്ടി കാത്തിരിക്കുകയാണ്. ആരും സഹായിച്ചില്ല.”
അയാള്‍ എന്നോടായി പറഞ്ഞു. ഡ്രൈവിംഗ് സീറ്റിലിരുന്ന മമ്മുക്കയെ അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു മണിക്കൂര്‍ കൊണ്ട് ആലപ്പുഴ ഗവ.ആശുപത്രിയിലെത്തി. പുറത്തേക്കിറങ്ങിയ അയാള്‍ നന്ദി പറയാന്‍ വേണ്ടി മുന്നോട്ടുവന്നപ്പോഴാണ് കാര്‍ ഓടിക്കുന്നത് മമ്മുക്കയാണെന്നു കണ്ടത്.
”ഇതു സിനിമാനടന്‍ മമ്മൂട്ടിയല്ലേ” എന്നു പറഞ്ഞ് അയാള്‍ മമ്മുക്കയുടെ കൈപിടിച്ചു. അധികം അവിടെ നില്‍ക്കുന്നതു പന്തിയല്ലെന്ന് എനിക്കു തോന്നി. ഞാന്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തു.
”എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി”
പെട്ടെന്നുതന്നെ കാര്‍ നീങ്ങി.
കാര്‍ വൈറ്റില കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍.
”സാര്‍ ഇതു ഞാനാ. നിങ്ങള്‍ ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണിയുടെ അച്ഛന്‍. എന്റെ മോള്‍ പ്രസവിച്ചു. കുറച്ചുകൂടി താമസിച്ചിരുന്നെങ്കില്‍ അപകടം സംഭവിക്കുമായിരുന്നു എന്നാണു ഡോക്ടര്‍ പറഞ്ഞത്. നിങ്ങള്‍ ചെയ്തുതന്ന ഉപകാരം ഒരിക്കലും മറക്കില്ല.”
എന്നു പറഞ്ഞ് ഫോണ്‍ മമ്മുട്ടിക്കു കൊടുക്കാമോ എന്നു ചോദിച്ചു. മമ്മുക്ക കാര്‍ റോഡരികില്‍ ചേര്‍ത്തു നിര്‍ത്തി.
”ഒരുപാടു നന്ദിയുണ്ട് സാര്‍. നിങ്ങള്‍ വലിയവനാണ്. ഈ സ്‌നേഹം ഒരിക്കലും മറക്കില്ല.”
വിതുമ്പിക്കൊണ്ട് ആ വൃദ്ധന്‍ സംസാരിക്കുമ്പോള്‍ മമ്മുക്കയിലെ മനുഷ്യസ്‌നേഹിയെയോര്‍ത്ത് അഭിമാനം കൊള്ളുകയായിരുന്നു ഞാന്‍.

മമ്മൂട്ടി: നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ (ഓര്‍മ്മകള്‍. അനുഭവം) മമ്മൂട്ടി എന്ന മഹാനടനുമായി ബന്ധപ്പെട്ട അമ്പത് പ്രമുഖരുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായരായ സേതുമാധവന്‍, ബാലചന്ദ്രമേനോന്‍, ജയരാജ്, ടി.എസ്.സുരേഷ്ബാബു, ലാല്‍ജോസ്, നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, ക്യാമറാമാന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്തുക്കളായ ഡെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ്, എസ്.എന്‍.സ്വാമി, താരങ്ങളായ കവിയൂര്‍ പൊന്നമ്മ, കാവ്യാമാധവന്‍, കല്പന, പത്മപ്രിയ, അബുസലിം, ടിനിടോം, കുഞ്ചന്‍, ഗാനരചയിതാവ് കൈതപ്രം, ബിച്ചുതിരുമല, സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി, പട്ടണംറഷീദ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, കെ.ആര്‍.വിശ്വംഭരന്‍ ഐ.എ.എസ് തുടങ്ങിയവര്‍ ആരുമറിയാത്ത മമ്മൂട്ടിയെ കാണിച്ചുതരികയാണ് ഈ പുസ്തകത്തിലൂടെ. തലശേരിയിലെ ബ്ലൂഇങ്ക് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 270 രൂപയാണ് വില. പുസ്തകം വി.പി.പിയായി ആവശ്യമുള്ളവര്‍ .94462 65661 എന്ന വാട്‌സപ്പ് നമ്പറിലേക്ക് അഡ്രസ് അയച്ചുതരിക. ഗൂഗിള്‍ പേയിലൂടെയാണ് പണമടച്ചാലും പുസ്തകം ലഭിക്കും.