ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകൾക്കുള്ള ട്യൂഷൻ ഫീ കുത്തനെ ഉയർത്തി. ഇതിനൊപ്പം കുട്ടികൾക്കുള്ള മെയിന്റനൻസ് വായ്പകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ ലോൺ എടുക്കാനുള്ള അവസരം നൽകും. സർവ്വകലാശാലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഫീ വർദ്ധനവ് കുട്ടികൾക്കും രക്ഷിതാക്കൾക്കും കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് വഴിവെക്കുമെന്ന വിമർശനം ശക്തമാണ്.
2017 ന് ശേഷം ഇംഗ്ലണ്ടിൽ ട്യൂഷൻ ഫീസ് വർദ്ധിക്കുന്നത് ഇതാദ്യമാണ്. ഫീ വർദ്ധനവിന് ശേഷം സർവകലാശാലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം വേണമെങ്കിൽ ദീർഘകാല ഫണ്ടിങ്ങിനുള്ള നടപടികൾ ആലോചനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇംഗ്ലണ്ടിലും വെയിൽസിലും അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ വാർഷിക ചിലവ് 285 പൗണ്ട് ആണ് വർദ്ധിച്ചത്. നേരത്തെയുള്ള ട്യൂഷൻ ഫീയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 3 ശതമാനം വർദ്ധനവ് ആണ്.
ബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന ജീവിത ചിലവ് നിറവേറ്റുന്നതിന് കൂടുതൽ കടം വാങ്ങാൻ ഉള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ലണ്ടന് പുറത്ത് മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള പരമാവധി മെയിന്റനൻസ് ലോൺ പ്രതിവർഷം £10,544 ആയി വർദ്ധിച്ചു. നേരത്തെ ഇത് £10,227 ആയിരുന്നു. മെയ് മാസത്തിൽ, ഇംഗ്ലണ്ടിലെ റെഗുലേറ്ററായ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് 2025 വേനൽക്കാലത്തോടെ 10 ൽ നാലിൽ കൂടുതൽ സർവകലാശാലകൾ സാമ്പത്തിക കമ്മിയിലാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും ഫീ വർദ്ധനവിന്റെ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ മൂലം യുകെയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ വരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. സർവകലാശാലകളുടെ സാമ്പത്തിക ബാധ്യത വർദ്ധിക്കുന്ന കാര്യത്തിൽ ഇതും കാരണമായിട്ടുണ്ട്.
Leave a Reply