കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ടി.വി.രാജേഷ് എം.എല്‍.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും റിമാന്‍ഡില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം കോഴിക്കോട് കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് ഉത്തരവ്. ഇരുവര്‍ക്കുമൊപ്പം കര്‍ഷകസംഘം നേതാവ് കെ.കെ.ദിനേശനും റിമാന്‍ഡിലായി.
2009 ഡിസംബറിലാണ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എയര്‍ ഇന്ത്യ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.വി.രാജേഷ്, ജോയിന്റ് സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി കെ.കെ.ദിനേശന്‍ എന്നിവരുള്‍പ്പെടെ ഇരുപതിലധികമാളുകളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് നടക്കാവ് പൊലീസ് കേസെടുത്തു.
ആദ്യഘട്ടത്തില്‍ ജാമ്യം നേടിയ മൂവരും പിന്നീട് പലപ്പോഴായി കോടതിയില്‍ ഹാജരായില്ല. കോടതി പലതവണ വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യം റദ്ദായതിനെത്തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. വിചാരണ കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പിന്നാലെ കോടതിയില്‍ ഹാജരായ മൂന്നുപേരെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജാമ്യം നേടിയ മറ്റുള്ളവര്‍ പലപ്പോഴായി വിചാരണയ്ക്ക് ഹാജരായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളുള്‍പ്പെടെ അഞ്ചാളുകള്‍ ഇനിയും പിടിയിലാകാനുണ്ട്. എ.പ്രദീപ്കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ കോടതിയിലെത്തിയിരുന്നു. റിമാന്‍ഡിലായ മൂവരെയും ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ അടുത്തദിവസം കോഴിക്കോട് കോടതി പരിഗണിക്കും.
Leave a Reply