കോവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല ഇത്തവണ ഭക്തര്‍ വീടുകളിൽ നടത്തിയിരിക്കെ, കോർപറേഷൻ നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന വിവാദത്തിന് പിറകെ, പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങിയ ബില്ലുകൾ കൂടി വിവാദത്തിലേക്ക്. പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാനാണ് ശ്രമിച്ചത്.

50 കേസ് കുടിവെള്ളം വാങ്ങിയ വകയിൽ 5400 രൂപ, 95 കിലോ പഴം വാങ്ങിയ വകയിൽ 2660 രൂപ, ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. സമിതിയിലെ ബിജെപി അംഗങ്ങള്‍ കണക്കിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ ബില്ല് പാസാക്കാതെ മാറ്റിവെക്കേണ്ടി വന്നു. ബില് പാസാക്കി നൽകുന്നതിൽ യോഗത്തിൽ എതിർപ്പ് ശക്തമായതോടെ അന്വേഷണം നടത്തിയ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ജമീലാ ശ്രീധരൻ നിർദേശിക്കുകയായിരുന്നു.

ആറ്റുകാൽ പൊങ്കാല കോവിഡിനെ തുടർന്ന് ഭക്തര്‍ വീടുകളിലാണ് പൊങ്കാല അർപ്പിച്ചത്. അതേസമയം, പൊങ്കാലക്കായി നഗരം വൃത്തിയാക്കാന്‍ എന്നപേരിൽ കോർപ്പറേഷൻ 21 ടിപ്പറുകൾ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ടെണ്ടർ നടപടിക്ക് പൊങ്കാലയ്‌ക്ക് അഞ്ചു ദിവസം മുമ്പ് കൗൺസിലിൽ ചർച്ചചെയ്യാതെ മേയർ മുൻകൂർ അനുമതി നൽകിയത് അഴിമതിയാ ണെന്നും ബിജെപി ദേശീയ സമിതി അംഗം അശോക് കുമാർ ആരോപിച്ചിട്ടുണ്ട്.