ചതിയിൽപ്പെട്ട മലയാളികളടക്കമുള്ള 12 യുവതികളെ അജ്മാനിൽ നിന്ന് രക്ഷപ്പെടുത്തി. ഇനിയും ഒട്ടേറെ പേർ വീസ ഏന്റുമാരുടെ ചതിയിൽ കുടുങ്ങി കിടക്കുന്നു

ചതിയിൽപ്പെട്ട മലയാളികളടക്കമുള്ള 12 യുവതികളെ അജ്മാനിൽ നിന്ന് രക്ഷപ്പെടുത്തി. ഇനിയും ഒട്ടേറെ പേർ വീസ ഏന്റുമാരുടെ ചതിയിൽ കുടുങ്ങി കിടക്കുന്നു
December 13 15:03 2020 Print This Article

അജ്മാൻ ∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. മാസങ്ങൾക്ക് മുൻപാണ് ഇവർ വൻ തുക ഏജന്‍റിന് നൽകി യുഎഇയിലെത്തിയത്. തുടർന്ന് കൊച്ചുമുറികളിൽ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.

ഇവരിൽ അഞ്ച് പേരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിച്ചു. തുടർന്ന് മനോരമ ഒാൺലൈനിലടക്കം സംഭവം വാർത്തയായി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞിരുന്നു.

മലയാളികളെ കൂടാതെ, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അജ്മാനിൽ വഞ്ചിക്കപ്പെട്ടിരുന്നു. 12 ഇന്ത്യൻ യുവതികളെ തങ്ങൾ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റിലെ ഇൻഫർമേഷൻ ആൻഡ് കൾചർ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. ഇവരിൽ ഏഴ് പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 12 പേരിൽ 2 പേർ നാളെ ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും. എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

അതേസമയം, ഇനിയും ഒട്ടേറെ പേർ അജ്മാനിലെ ഇന്ത്യക്കാരായ വീസ ഏന്റുമാരുടെ ചതിയിൽപ്പെട്ടു കിടക്കുകയാണെന്നും ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് തട്ടിപ്പിന് അജ്മാനിൽ നേതൃത്വം നൽകുന്നതത്രെ. ചില അസോസിയേഷനുകളും ഇതിന് കൂട്ടു നിൽക്കുന്നതായും ആരോപണമുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles