ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജൂലിയ ജെയിംസിൻെറ കൊലപാതകത്തിൽ 20 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനായി എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നോ? പ്രതിയുടെ ഉദ്ദേശം എന്താണെന്നോ എന്നീ കാര്യങ്ങളെക്കുറിച്ച് പോലീസിന് ഇപ്പോഴും കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 53 വയസ്സുള്ള ജൂലിയ ജെയിംസിൻെറ മൃതദേഹം കെന്റിലെ സ്നോഡൗണിലുള്ള അവരുടെ വീടിനടുത്താണ് ഏപ്രിൽ ഇരുപത്തിയേഴാം തീയതി കണ്ടെത്തിയത്. തൻെറ നായയുടെ ഒപ്പം സവാരി നടത്തുമ്പോൾ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് അവർ കൊല്ലപ്പെട്ടത്. കൊലപാതകിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറുന്നവർക്ക് 10000 പൗണ്ട് വരെ പാരിതോഷികം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. കാന്റർബറിയിൽ നിന്ന് ഇന്നലെ രാത്രി 9.30 ഓടെ കൂടിയാണ് പ്രതി അറസ്റ്റിലായതെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.
ബ്രിട്ടനെ പിടിച്ചുകുലുക്കിയ സാറാ എവറാർഡിൻെറ കൊലപാതകം നടന്നത് ജൂലിയ ജയിംസിൻെറ കൊലപാതകം നടന്ന സ്ഥലത്തുനിന്നും 25 മൈൽ അകലെ മാത്രമാണ്. 33 വയസ്സുള്ള സാറയുടെ കൊലപാതകത്തിൽ അറസ്റ്റിലായത് പോലീസ് ഓഫീസർ ആണെന്നത് ബ്രിട്ടനിലെ തെരുവീഥികളിൽ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾക്ക് വൻ പ്രാധാന്യത്തോടെ തുടക്കമിട്ടിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .സ്ത്രീകൾ കൊല്ലപ്പെടുന്ന പകുതിയിലധികം സംഭവങ്ങളിലും കുറ്റവാളികൾ അവരുടെ പങ്കാളിയോ മുൻ പങ്കാളിയോ ആണ്. ഓരോ സ്ത്രീയ്ക്കും നമ്മുടെ തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ ആകണം എന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു.
Leave a Reply