ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുക്രൈന് വേണ്ടി യുദ്ധം ചെയ്യാനെത്തി റഷ്യയുടെ പിടിയിലായ രണ്ട് ബ്രിട്ടീഷ് പൗരന്മാർക്കും ഒരു മൊറൊക്കൊ പൗരനും വധശിക്ഷ വിധിച്ച് കിഴക്കൻ യുക്രൈനിലെ റഷ്യൻ പ്രോക്‌സി കോടതി. ഏപ്രിലിൽ റഷ്യ മരിയുപോൾ പിടിച്ചെടുത്ത സമയത്താണ് എയ്ഡൻ അസ്ലിനും ഷോൺ പിന്നറും പിടിയിലാകുന്നത്. ഇരുവരെയും കൂലിപട്ടാളക്കാരായും തീവ്രവാദികളായും മുദ്രകുത്തിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ഇത് റഷ്യയുടെ മനുഷ്യത്വ വിരുദ്ധ നടപടിയാണെന്ന് ബ്രിട്ടൻ പറഞ്ഞു. ഈ നടപടി ജനീവ കൺവെൻഷന്റെ ലംഘനമാണെന്ന് ബ്രിട്ടീഷ് സർക്കാരും യുക്രൈനിലെ ഉന്നത പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടു. ജനീവ കൺവെൻഷൻ അനുസരിച്ച് യുദ്ധക്കുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.
ഇത് സംബന്ധിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി ഫോണിൽ സംസാരിക്കും. നോട്ടിംഗ്ഹാംഷെയറിലെ നെവാർക്കിൽ നിന്നുള്ള അസ്ലിൻ (28), ബെഡ്ഫോർഡ്ഷയറിൽ നിന്നുള്ള പിന്നർ (48) എന്നിവരുടെ മോചനത്തിനായി ബ്രിട്ടൻ മുൻപും ശ്രമിച്ചിരുന്നു. ശിക്ഷയ് ക്കെതിരെ മൂന്ന് പേരും ഉയർന്ന കോടതിയിൽ അപ്പീൽ നൽകും. മൊറൊക്കൻ പൗരനായ ബ്രാഹിം സൗദിനാണ് മൂന്നാമൻ.
അന്താരാഷ്ട്ര തലത്തിൽ അംഗീകാരമില്ലാത്ത കോടതിയാണ് മൂന്നുപേർക്കും വധശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കോടതി റഷ്യൻ പിന്തുണയുള്ള, ഡോണ്ട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഡോണ്ട്സ്കിനെ ഒരു സ്വതന്ത്ര രാജ്യമായി ലോകത്തെ മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമല്ല ഈ വിധി. ഇത് ചൂണ്ടിക്കാട്ടി ബ്രിട്ടനും യുക്രൈനും രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply