ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പാകുന്നു. കോൺഗ്രസ് എംഎൽഎമാരായ എസ്. രാജേഷ് കുമാറും പി. വിശ്വനാഥും വ്യാഴാഴ്ച മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭയിൽ ചേരാൻ ഇരുവർക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ അറിയിച്ചു. 1960-കളിന് ശേഷമാണ് തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസ് വീണ്ടും ഇടം നേടുന്നതെന്നതിനാൽ ഇത് ചരിത്രനിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനക്ഷേമവും ജനസൗഹൃദഭരണവും മുൻനിർത്തിയുള്ള രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ പുതിയ മന്ത്രിമാർ പ്രവർത്തിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചു. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ്. രാജേഷ് കുമാർ. മേലൂരിൽ നിന്നുള്ള എംഎൽഎയാണ് പി. വിശ്വനാഥ്. ഡിഎംകെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായിരുന്നിട്ടും മുൻകാലങ്ങളിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഇടമുണ്ടായിരുന്നില്ല. 1984, 1991, 2006, 2021 തെരഞ്ഞെടുപ്പുകൾക്കുശേഷവും മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനെ ചൂണ്ടിക്കാട്ടി, വെറും അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനം ലഭിക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം വിജയ് മന്ത്രിസഭയുടെ അംഗബലം ഘട്ടംഘട്ടമായി 34 വരെയാക്കി ഉയർത്താനാണ് നീക്കം. കോൺഗ്രസിന് പുറമെ വിസികെ, ഇടതുപാർട്ടികൾ, മുസ്ലിം ലീഗ് തുടങ്ങിയ സഖ്യകക്ഷികളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിനെ പിന്തുണച്ച അണ്ണാ ഡിഎംകെ വിമതർക്കും മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, അതിനെതിരെ കോൺഗ്രസും ഇടതുകക്ഷികളും വി.സി.കെ.യും രംഗത്തെത്തി. ഡി.എം.കെ.-അണ്ണാ ഡി.എം.കെ. രാഷ്ട്രീയത്തിന് പകരമായാണ് ജനങ്ങൾ ടി.വി.കെ.യെ തെരഞ്ഞെടുത്തതെന്നും വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ജനവിധിക്കെതിരായിരിക്കുമെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.