ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ ∙ യുകെയിലെ മാഞ്ചസ്റ്ററിൽ സ്ഥിതി ചെയ്യുന്ന ഹീറ്റൺ പാർക്ക് ഹെബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. യോം കിപ്പൂർ ദിനത്തിൽ നടന്ന ഈ ആക്രമണത്തിൽ സംശയിക്കപ്പെടുന്ന പ്രതിയെ പോലീസുകാർ വെടിവെച്ച് വീഴ്ത്തിയതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. സംഭവസമയം ദേവാലയത്തിനകത്ത് പ്രാർത്ഥനയ്ക്കായി എത്തിയവരെ പോലീസും സുരക്ഷാ ജീവനക്കാരും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
രാവിലെ 9.30 ഓടെ കാറോടിച്ച് ആളുകളെ ഇടിച്ചുവീഴ്ത്തിയ ശേഷം പ്രതി കത്തി ഉപയോഗിച്ച് ആക്രമണം ആരംഭിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സുരക്ഷാ ജീവനക്കാരൻ അടക്കം ചിലർക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നു പ്രഖ്യാപിച്ചതിനു ശേഷമാണ് ആയുധധാരികളായ ഉദ്യോഗസ്ഥർ പ്രതിയെ വെടിവെച്ചത്. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചു. പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രികളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിദേശയാത്ര റദ്ദാക്കി അടിയന്തിര കോബ്രാ യോഗം ചേർന്നു. രാജ്യത്തെ എല്ലാ സിനഗോഗുകളിലും അധിക പോലീസ് സന്നാഹത്തെ വിന്യസിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യഹൂദ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിനത്തിൽ നടന്ന ഈ ആക്രമണം ഭീകരവാദമാണെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം.
Leave a Reply