ബിഹാറിൽ കൗമാരക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർക്ക് ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഹിന്ദു പുത്ര സംഘതൻ അംഗമായ നാഗേഷ് സമ്രത് (23), ഹിന്ദു സമാജ് സംഘതൻ അംഗമായ വികാസ് കുമാർ (21) എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായും ദേശീയ പൗരത്വ രജിസ്റ്ററിനെതിരായും രാഷ്ട്രീയ ജനതാദൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ത്രിവർണ പതാകയും കയ്യിൽ പിടിച്ച് പങ്കെടുത്ത ആമിർ ഹൻസ്‌ല (18)യെയാണ് 10 ദിവസങ്ങൾക്കുശേഷം ഡിസംബർ 31 ന് മരിച്ചനിലയിൽ കണ്ടെത്തിയത്. പുൽവാരി ഷരീഫ് പ്രദേശത്തെ ബാഗ് സ്റ്റിച്ചിങ് യൂണിറ്റിലെ ജോലിക്കാരനായിരുന്നു ആമിർ.
”അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തിയപ്പോൾ അമീർ ഹൻസ്‌ല അവിടെനിന്നു പോകാൻ ശ്രമിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘട് ഗാലി പ്രദേശത്തെ ചില ആൺകുട്ടികൾ പിന്നീട് ആമിറിനെ പിടിച്ചുവച്ചു. ആമിറിനെ കൊല്ലാൻ ഇഷ്ടികകളും മറ്റ് മൂർച്ചയുളള വസ്തുക്കളും ഉപയോഗിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിൽ പരുക്കുകളും ശരീരത്തിൽ രണ്ട് മുറിവുകളുടെ അടയാളങ്ങളും ഉണ്ടായിരുന്നു” ഫുൽവാരി ഷരീഫി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റാഫിഖർ റഹ്മാൻ പറഞ്ഞു.
”ഡിസംബർ 21 ന് സൈക്കിളിലാണ് ഹൻസ്‌ല ജോലിക്കു പോയത്. പക്ഷേ അന്നു ബന്ദായതിനാൽ സ്റ്റിച്ചിങ് യൂണിറ്റ് തുറന്നില്ല. തുടർന്ന് ഹൻസ്‌ല ആർജെഡിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ത്രിവർണ പതാകയും കയ്യിൽ പിടിച്ചു പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഹൻസ്‌ലയുടെ വീഡിയോ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. രാവിലെ 11.45 നാണ് കുടുംബം ഹൻസ്‌ലയുമായി അവസാനം സംസാരിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുളള അവസാന ലൊക്കേഷൻ ഫുൽവാരി ഷരീഫ് ബ്ലോക്ക് ഓഫീസിന് അടുത്താണ്. ഈ പ്രദേശത്തുനിന്നാണ് അഴുകിയ നിലയിൽ ഹൻസ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്,” റഹ്മാൻ പറഞ്ഞു.
പ്രതിഷേധത്തിൽ ആദ്യമായാണ് തന്റെ മകൻ പങ്കെടുത്തതെന്ന് ഹൻസ്‌ലയുടെ പിതാവ് സൊഹൈൽ അഹമ്മദ് പറഞ്ഞു. ”അവൻ ചെയ്ത തെറ്റ് എന്താണ്? അവൻ കയ്യിൽ ത്രിവർണ പതാക പിടിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു. 10-ാ ക്ലാസിനുശേഷം പഠനം നിർത്തിയ ഹൻസ്‌ല സ്റ്റിച്ചിങ് യൂണിറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയതായി കുടുംബം പറഞ്ഞു.
”എന്റെ ആറു മക്കളിൽ നാലാമത്തെ മകനാണ് ആമിർ. മൂത്ത മകൻ മദ്രസാധ്യാപകനാണ്. മറ്റു നാലുപേർ പഠിക്കുന്നു. എനിക്കെന്റെ മകനെ നഷ്ടമായി. മറ്റൊരാൾക്കും ഇത് സംഭവിക്കരുത്,” പിതാവ് പറഞ്ഞു.
കഴിഞ്ഞ മേയ് മാസത്തിൽ ഓഫീസുകളുടെയും അതിലെ ഭാരവാഹികളുടെയും വിവരങ്ങൾ ശേഖരിക്കാൻ ബിഹാർ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ട 19 സംഘടനകളിൽ ഹിന്ദു പുത്ര സംഘതനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹൻസ്‌ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപക് മഹട്ടോ, ഛോട്ടു മഹട്ടോ, സനോജ് മഹട്ടോ, റായിസ് പസ്വാൻ എന്നിവർ അറിയപ്പെടുന്ന കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി.
ദീപക്, ഛോട്ടു, സനോജ് എന്നിവരിൽനിന്നാണ് ഹൻസ്‌ലയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തെക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ആർജെഡിയുടെ പ്രതിഷേധത്തിനു മുൻപായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോകളിലൂടെ പ്രതിഷേധക്കാർക്കെതിരെ അക്രമം നടത്താൻ പദ്ധതിയിട്ടതിൽ സാമ്രാട്ടിന്റെയും കുമാറിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Leave a Reply