ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ തനിക്കും കുടുംബത്തിനുമെതിരെ വര്‍ഗീയ പ്രചരണം നടത്തിയെന്ന ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രിയ എളവള്ളി മഠത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ലോക് ഡൗണ്‍ ലംഘിച്ച് എരുമപ്പെട്ടിയ്ക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ 7.30 ന് ഭാഗവത പാരായണം നടത്തിയിരുന്നു. ഇതില്‍ നിരവധി പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിജെപി സംസ്ഥാന ഭാരവാഹി ഇ ചന്ദ്രന്‍ ഉള്‍പ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മുന്‍നിര ചാനലുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതരായ ബി ജെ പി-ആര്‍ എസ് എസ് സംഘം തനിക്കും കുടുംബത്തിനെതിരെ വര്‍ഗീയ പ്രചാരണവും സ്വഭാവഹത്യയും നടത്തിയെന്ന പ്രിയയുടെ പരാതിയിലാണ് എരുമപ്പെട്ടി പോലീസിന്റെ നടപടി. തന്റെ ഭര്‍ത്താവ് മുസ്ലീം ആയതു കൊണ്ട് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലാണ് സമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംഘം പ്രചരണം നടത്തുന്നതെന്ന് പ്രിയ പരാതിയില്‍ പറയുന്നു.

തന്റെ വീടിനു പുറത്ത് ഇത്തരത്തിലുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അജിത് ശിവരാമന്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപരമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.