ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസിലെ കെയർഫിലി കൗണ്ടിയിലെ നെൽസണിലെ ഹിയോൾ ഫാവർ റോഡിലുള്ള ഒരു വീടിന്റെ തോട്ടത്തിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച വൈകിട്ട് ഏകദേശം 6.10-നാണ് തീപിടിത്തത്തെ കുറിച്ച് സൗത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് വിവരം ലഭിച്ചത്.

അണയ്ക്കുന്നതിനായി അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും രണ്ട് പേരെയും സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി ഫയർ സർവീസ് അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

സംഭവത്തെ തുടർന്ന് സമീപത്തുള്ള ടൈലേഴ്‌സ് ആംസ് പബ് താൽക്കാലികമായി അടച്ചിട്ടു. അന്വേഷണം നടക്കുന്നതിനാൽ ശനിയാഴ്ച നടക്കുന്ന ബാൻഡ് നൈറ്റ് പരിപാടിയും ഞായറാഴ്ച ഉച്ചഭക്ഷണ സേവനവും റദ്ദാക്കുകയാണെന്ന് പബ് മാനേജ്മെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അവസാന നിമിഷത്തിലെ റദ്ദാക്കലാണെങ്കിലും പൊതുജനം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
പൊലീസ്, ഫയർ സർവീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്ത് പരിശോധന തുടരുകയാണ്. പ്രദേശത്ത് കർശന സുരക്ഷാവലയം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായ ശേഷം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.











Leave a Reply