ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്റ്റോക്ക് ഓൺ ട്രെൻഡ് : നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ കെയർ അസിസ്റ്റന്റ് ജോലിയിൽ നിന്ന് മാറി നേഴ്സായി ചുമതല ഏൽക്കാൻ ഒരുങ്ങുകയാണ് യുകെ മലയാളിയായ എബിൻ. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (NMC) ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലെ പുതിയ മാറ്റങ്ങൾ ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് കെയർ അസിസ്റ്റന്റുകൾക്ക് നേഴ്സായി രജിസ്റ്റർ ചെയ്യാൻ സാധിച്ചത്. കോട്ടയം ജില്ലയിലെ പെരുവ സ്വദേശിയായ എബിൻ തോമസിനാണ് എൻ എം സിയിൽ നേഴ്സായി രജിസ്റ്റർ ചെയ്യാൻ അവസരം ലഭിച്ചത്. 2019ലാണ് എബിൻ യുകെയിൽ എത്തിയത്. ആദ്യം വോക്കിങിലായിരുന്ന എബിൻ ഇപ്പോൾ താമസിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെൻഡിലാണ്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം തെളിയിക്കുന്ന നിരവധി തവണ ഒ ഇ ടി പരീക്ഷ എഴുതിയെങ്കിലും നേരിയ വ്യത്യാസത്തിലായിരുന്നു പരാജയപ്പെട്ടതെന്ന് എബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

എൻ എം സിയുടെ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് എബിൻ എബിൻ രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ കത്തും ചേർത്താണ് അപേക്ഷ വച്ചത്. ഏകദേശം ഒന്നരമാസക്കാലം നീണ്ട വിവിധ നടപടി ക്രമങ്ങൾക്ക് ഒടുവിലാണ് പിൻ ലഭിച്ചത്’. ബാംഗ്ലൂരിൽ നേഴ്സിംഗ് പഠനം പൂർത്തീകരിച്ച എബിൻ, പൂനെ, സൗദി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നതിനുശേഷമാണ് ഭാര്യയോടൊപ്പം യുകെയിൽ എത്തിയത്. എൻ എം സിയിൽ രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ തന്നെ 1500 ലധികം മലയാളികൾ മാത്രം ഉണ്ട്. ഇതിനായി തന്നെ രണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്.

ഏപ്രിൽ 17 നാണ് എബിൻ ജോലിയിൽ പ്രവേശിക്കുന്നത്. പത്തനംതിട്ട കൂടൽ സ്വദേശിനിയായ മോനിഷ മോനച്ചനാണ് എബിന്റെ ഭാര്യ. എസ് എം എ മലയാളി അസോസിയേഷന്റെ ജോയിൻ സെക്രട്ടറിയാണ് മോനിഷ. റയാനും സെറയുമാണ് മക്കൾ. സ്റ്റോക് ഓൺ ട്രെൻഡിൽ ഈ അടുത്ത് ആരംഭിച്ച സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയിലെ സജീവ അംഗങ്ങളാണ് എബിനും കുടുംബവും.

എൻ എം സി യിൽ രജിസ്റ്റർ ചെയ്യുന്നതിന് വായനക്കാർക്കുള്ള സംശയങ്ങൾക്ക് മറുപടി പറയാൻ സന്തോഷമേയുള്ളൂ എന്ന് എബിൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ എബിനെ ബന്ധപ്പെടാം.

എബിൻ തോമസിന്റെ ഫോൺ നമ്പർ : 7424 979357