ശനിയാഴ്ച പുലര്‍ച്ചെ മൂന്ന്‍ പതിനഞ്ചിന് എം1ല്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. നോട്ടിംഗ്ഹാമിലെ താമസക്കാരനും അപകടത്തില്‍ പെട്ട മിനി ബസ് ഉടമയുമായ സിറിയക് ജോസഫിന്‍റെ (ബെന്നി) മരണം ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. രാത്രിയോടെയാണ് അപകടത്തില്‍ മറ്റൊരു മലയാളി കൂടി മരണമടഞ്ഞതായി വിവരം പുറത്ത് വന്നത്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശിയും വിപ്രോ കമ്പനിയില്‍ മാനേജരുമായ ഋഷി രാജീവ്‌ മരണപ്പെട്ടതായി രാത്രിയോടെ ആണ് അറിഞ്ഞത്.

നോട്ടിംഗ്ഹാമിലെ എബിസി ട്രാവല്‍സിന്റെ മിനി ബസ് ബുക്ക് ചെയ്ത് യാത്ര ചെയ്തിരുന്ന വിപ്രോ കമ്പനിയിലെ ജീവനക്കാരും ബന്ധുക്കളുമാണ് അപകടത്തില്‍ മരണമടഞ്ഞവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് രണ്ടു ട്രക്കുകളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മോട്ടോര്‍വേയില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ ആണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് ട്രക്കുകളിലെയും ഡ്രൈവര്‍മാരെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൂസ്റ്റര്‍ സ്വദേശിയായ 31 വയസ്സുകാരനും സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് സ്വദേശിയായ 53 വയസ്സുകാരനുമാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇതില്‍ വൂസ്റ്റര്‍ സ്വദേശി അമിതമായ അളവില്‍ മദ്യപിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് ബെന്നിച്ചേട്ടന്‍ ഓടിച്ചിരുന്ന വാഹനമാണ് എന്നത് ബെന്നിയുടെ വീട്ടുകാരും നോട്ടിംഗ്ഹാം മലയാളികളും അറിയുന്നത് അപകട വിവരം അറിയിച്ച് പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോഴും അപകടത്തിന്‍റെ ഗുരുതരാവസ്ഥ ഇത്രയും ഭയാനകമാകും എന്ന് ആരും കരുതിയിരുന്നില്ല.

അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒന്‍പത് മണിയോടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും രക്ഷപെട്ട നാല് പേരില്‍ ഒരാള്‍ ബെന്നിച്ചേട്ടന്‍ ആയിരിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു നോര്‍ത്താംപ്ടന്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ആശുപത്രികളിലേക്ക് ഓടിയെത്തിയത്. എന്നാല്‍ ഉച്ചയോടെ മരണമടഞ്ഞ എട്ടു പേരില്‍ ഒരാള്‍ തങ്ങളുടെ പ്രിയപ്പെട്ട ബെന്നിച്ചേട്ടന്‍ ആണെന്ന് അറിഞ്ഞ ഞെട്ടലില്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഇവര്‍.

കോട്ടയം പാല ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ കുടുംബാംഗമാണ് അപകടത്തില്‍ മരണമടഞ്ഞ സിറിയക് ജോസഫ്. ഭാര്യയും രണ്ട് മക്കളുമായി നോട്ടിംഗ്ഹാമില്‍ ആണ് താമസം. അപകടത്തില്‍ പെട്ട മിനി ബസിന്‍റെ ഉടമ കൂടി ആയിരുന്നു അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ബെന്നി. എബിസി ട്രാവല്‍സ് എന്ന പേരില്‍ ട്രാവല്‍ സര്‍വീസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ നോട്ടിംഗ്ഹാമില്‍ നിന്നും വെംബ്ലിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍ പെട്ട ബസ്.