ബര്‍മിങാം: യുകെ മലയാളികള്‍ക്കിടയില്‍ നൃത്തം ചെയ്യുന്നവര്‍ നൂറുകണക്കിനല്ല മറിച്ച് ആയിരങ്ങളാണ് എന്നതാണ് വാസ്തവം. എന്നാല്‍ ഇന്നലെ ബിർമിംഗ്ഹാമില്‍ അവസാനിച്ച ലോക നൃത്ത വേദിയായ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 എന്ന ആഗോള നൃത്ത വേദിയിലേക്ക് അധികമാരും എത്തുന്നില്ല എന്നാല്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ നടക്കുന്നതറിഞ്ഞ് ഓഡിഷനില്‍ പങ്കെടുത്ത ശേഷം മത്സര വേദിയില്‍ എത്തിയ മാഞ്ചസ്റ്ററിന് അടുത്ത സ്റ്റോക്ക്‌പോര്‍ട്ടിലെ കീര്‍ത്തനയും ഡെന്റണിലെ നവമിയും വീട്ടിലേക്ക് മടങ്ങിയത് ഫോക്ക്‌ലോര്‍ വിഭാഗത്തിലെ രണ്ടാം സ്ഥാനവും നേടിയാണ്,അതുപോലെ നവമി സരീഷ് ഹിപ് ഹോപ് സോളോ വിഭാഗത്തിൽ 35 രാജ്യങ്ങളുമായി മത്സരിച്ച് 8 മത് റാങ്കും നേടി എന്നത് യുകെയിലെ ഓരോ മലയാളി നര്‍ത്തകര്‍ക്കും അഭിമാന കാരണമാകുകയാണ്.

ഒരേ മലയാളി സംഘടനയിലെ അംഗങ്ങളായ കുടുംബത്തിലെ കുട്ടികള്‍ എന്ന നിലയ്ക്കാണ് രണ്ടു പ്രദേശങ്ങളില്‍ ആയി താമസിക്കുന്ന കീര്‍ത്തനയ്ക്കും നവമിക്കും സുഹൃത്തുക്കളാകാന്‍ കഴിഞ്ഞതും ഇപ്പോള്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ എന്ന ലോകവേദിയിലേയ്ക്ക് നൃത്ത ചുവടുകള്‍ വച്ച് എത്താനായതും. അള്‍ട്ടിമേറ്റ് ഡാന്‍സ് പ്രൊഡക്ഷന്‍ എന്ന കമ്പനിയാണ് സാധാരണയായി യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ വച്ച് ഈ ലോക നൃത്ത വേദിക്ക് അവസരം ഒരുക്കുന്നത്. ലോകത്തിലെ ഏതു ഭാഗത്തുള്ള നൃത്തവും കാണാന്‍ ഈ വേദിയില്‍ എത്തിയാല്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തവണ ബിര്‍മിങാമില്‍ നാലു ദിവസമായി നടന്ന ഈ ലോക നൃത്തമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അതാതു രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. എന്നാല്‍ കീര്‍ത്തനയും നവമിയും ബ്രിട്ടനെ പ്രതിനിധീകരിച്ചു ചെയ്തത് നാടോടി നൃത്തത്തിന് സമാനമായ ഫോക്ക്‌ലോര്‍ നൃത്ത ഇനമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തെവിടെ ചെന്നാലും ആരാധകരുള്ള ബാലറ്റ്, കന്റംപ്രറി, ഹിപ് ഹോപ്, ഫോക്ക്‌ലോര്‍, ജാസ്, മ്യൂസിക്കല്‍ തീയേറ്റര്‍, ടാപ് തുടങ്ങിയ ഒട്ടേറെ ഇനങ്ങളില്‍ ആയിരുന്നു മത്സരം. സാധാരണയായി നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയങ്ങളില്‍ ആണ് ഈ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നത്. യുകെയില്‍ ഇത്തവണ ഏപ്രിലില്‍ ആണ് നര്‍ത്തകരെ തേടിയുള്ള ഓഡിഷന്‍ നടന്നത്. ഈ വര്‍ഷം ലോകത്തെ വിവിധ രാജ്യങ്ങളില്‍ ആയി 20 ലൊക്കേഷനുകളില്‍ നടന്ന ലൈവ് സെക്ഷനുകളില്‍ 6600 നര്‍ത്തകരാണ് അവസരം തേടി എത്തിയത്. അതില്‍ നിന്നും ഫൈനലിസ്റ്റുകളായി നാലു ദിവസത്തെ മത്സരത്തിനു ബര്‍മിങാമില്‍ എത്തിയത് 1500 ലേറെ നര്‍ത്തകരും. ഈ കണക്കുകളില്‍ നിന്നും ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ മത്സര വേദി ലോകമെങ്ങും ആകര്‍ഷിക്കുന്ന ആരാധകരുടെ എണ്ണവും ഊഹിക്കാവുന്നതാണ്.

ബര്‍മിങാമിലെ രണ്ടു വേദികളില്‍ ആയിട്ടാണ് നൂറുകണക്കിന് നര്‍ത്തകര്‍ ഒരേ സമയം മത്സരത്തിന് ഇറങ്ങിയത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ വിഭാഗമായിട്ടാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആകര്‍ഷക ഘടകങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക 1.2 മില്യണ്‍ ആയി ഉയര്‍ന്നു എന്നത് തന്നെ ലോക വിസ്മയങ്ങളില്‍ ഒന്നാകാന്‍ ശേഷിയുള്ള സമ്മാനത്തുകയുമാണ്. ഫോക്ക്‌ലോര്‍ ഡ്യൂറ്റ് വിഭാഗത്തില്‍ സീനിയര്‍ മത്സരത്തിലാണ് കീര്‍ത്തനയും നവമിയും ഫസ്റ്റ് റണ്ണര്‍ അപ് ആയി മാറിയത്. നന്നേ ചെറുപ്പം മുതല്‍ ഡാന്‍സ് പരിശീലനം നടത്തിയിട്ടുള്ള നവമി വിവിധ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം നേടിയ യുവ നര്‍ത്തകിയാണ്. എങ്കിലും ഹിപ് ഹോപില്‍ അത്ര പെട്ടെന്ന് ആര്‍ക്കും മറികടക്കാനാകാത്ത പരിശീലനമാണ് നവമി സ്വന്തമാക്കിയിരിക്കുന്നത്.

മാഞ്ചസ്റ്ററിൽ ഡാൻസ് ടീച്ചർ കൂടിയാണ് നവമി സാരിഷ് . മാതാപിതാക്കളായ സരീഷ് സിദ്ധാര്‍ഥന്‍, ശ്രുതി സരീഷ് എന്നിവര്‍ നല്‍കുന്ന കലര്‍പ്പില്ലാത്ത പിന്തുണയാണ് നവമിയെ നൃത്ത വേദികളില്‍ മനോഹരമായ ചുവടുകള്‍ക്ക് പ്രാപ്തയാക്കുന്നത്. തൃശൂരില്‍ വേരുകള്‍ ഉള്ള കുടുംബമാണ് നവമിയുടേത്. ഇരുപതില്‍ എത്തിയ കീര്‍ത്തനയാകട്ടെ സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സുകളുടെ ആരാധിക കൂടിയാണ്. നന്നേ ചെറുപ്പത്തിലേ നൃത്ത പരിശീലനം തുടങ്ങിയ കീര്‍ത്തന കിട്ടുന്ന ഒരു വേദിയും വിട്ടുകളയാത്ത നര്‍ത്തകി കൂടിയാണ്. മാതാപിതാക്കളായ കൃഷ്ണദാസ് രാമാനുജാവും ശ്രീജ കൃഷ്ണദാസും തന്നെയാണ് കീര്‍ത്തനയുടെ നൃത്തലോകത്തില്‍ പൂര്‍ണ പങ്കാളികളായി കൂടെ നില്‍ക്കുന്നതും. പാലക്കാട് നിന്നും കുടിയേറിയ കുടുംബമാണ് കീര്‍ത്തനയുടേത്.