ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ യഹൂദ സമൂഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് രഹസ്യ നിരീക്ഷണം നടത്തിയെന്നാരോപിച്ച് രണ്ടു പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു . ഇവർ ഇറാനുമായി ബന്ധമുള്ള ചാരപ്രവർത്തനം നടത്തിയതായാണ് പോലീസ് അറിയിച്ചത്. നെമതൊല്ല ഷാഹ്സവാനി (40), അലിരേസ ഫറസതി (22) എന്നിവർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശ ഇന്റലിജൻസ് ഏജൻസിക്ക് സഹായകരമായ വിവരശേഖരണം നടത്തുകയും സംശയാസ്പദമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്തുവെന്നതാണ് പ്രധാന ആരോപണം. ഇരുവരും ലണ്ടനിലെ നോർത്ത് ഫിഞ്ച്ലിയും എഡ്ജ്വെയറും സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മാസം ആദ്യം നടത്തിയ വ്യാപകമായ അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ലണ്ടനിലെ യഹൂദ സമൂഹവുമായി ബന്ധപ്പെട്ട ഇടങ്ങൾ, സ്ഥാപനങ്ങൾ, ചില വ്യക്തികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി നിരീക്ഷണം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . കൗണ്ടർ ടെററിസം പൊലീസ് വിഭാഗം കേസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. പ്രത്യേകിച്ച് യഹൂദ സമൂഹത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പൊലീസ് നടപടി ഉറപ്പുനൽകുന്നതായും അവർ കൂട്ടിച്ചേർത്തു.

ജൂലൈ 9 മുതൽ ഓഗസ്റ്റ് 15 വരെ ഇറാനിയൻ ഇന്റലിജൻസ് സേവനത്തിന് സഹായകരമായ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നുവെന്നാണ് കേസ് വ്യക്തമാക്കുന്നത്. ഗുരുതരമായ പ്രവർത്തനങ്ങളാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതികളെ വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതേ അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായിരുന്ന മറ്റ് രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയച്ചു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.