സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് നിന്നെത്തുന്ന ഐഡൻ കൊടുങ്കാറ്റ് രാജ്യത്താകമാനം ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അയർലണ്ടിനും ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ തീരത്തും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിലും വെയിൽസിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം, യാത്രാ തടസ്സം എന്നിവ ഉണ്ടായേക്കാം. മോശം കാലാവസ്ഥ വാരാന്ത്യത്തിന്റെ ഭൂരിഭാഗവും നീണ്ടുനിൽക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ചില പ്രദേശങ്ങളിൽ വെള്ളപൊക്കം ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ചീഫ് മാർട്ടിൻ യംഗ് പറഞ്ഞു. വെയിൽസിലും നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാച്ചുറൽ റിസോഴ്‌സസ് വെയിൽസിന്റെ ഡ്യൂട്ടി ടാക്ടിക്കൽ മാനേജർ ഗാരി വൈറ്റ് പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും ഇതിനകം സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായി. ഞായറാഴ്ച ഉച്ച മുതൽ രാത്രി വരെ നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ വളരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു.