തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. പ്രതികളുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും. കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ലിഗയുടെ മരണം കൊലപാതകമാണെന്ന് നിഗമനത്തിലെത്തിയത്.
പോത്തൻകോട്ട് നിന്നും കോവളത്ത് ഓട്ടോയിലെത്തിയ ലിഗയെ ഗൈഡ് ചമഞ്ഞ് സൗഹൃദം കൂടിയെത്തിയ ആൾ മയക്ക് മരുന്ന് കലർത്തിയ സിഗററ്റ് നൽകി കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ലിഗയ്ക്ക് മയക്ക് മരുന്ന് കലർത്തിയ സിഗററ്റ് നൽകിയ ആളും ഇയാളുടെ സഹായിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
ശാസ്ത്രീയ തെളിവുകളും മറ്റ് തെളിവുകളും ലഭിച്ച ശേഷം രണ്ട് ദിവസത്തിനകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സംസ്ഥാന പോലീസിന്റെ അഭിമാന പ്രശ്നമായാണ് ഈ കേസിന്റെ അന്വേഷണം പോലീസ് സംഘം നടത്തുന്നത്. പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണ വിവരങ്ങൾ പുറത്താകുന്നത് കേസിന്റെ തുടർനടപടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇടയാകുമെന്ന നിഗമനത്തിലാണ് പോലീസ് സംഘം.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി വിലയിരുത്താനായി ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച പോലീസ് ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ലിഗയുടെ മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ കുറ്റിക്കാട്ടിന് സമീപം ചീട്ടുകളിയും മദ്യപാനവും പതിവാക്കിയിരുന്നവരെ പോലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ലിഗയുടെ പോസ്റ്റ്മോർട്ടത്തിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
Leave a Reply