മഴയുടെ ദൂതൻ, കേട്ടെഴുത്ത് : സുരേഷ് നാരായണൻ എഴുതിയ രണ്ടു കവിതകൾ

മഴയുടെ ദൂതൻ, കേട്ടെഴുത്ത് : സുരേഷ് നാരായണൻ എഴുതിയ രണ്ടു കവിതകൾ
September 21 09:01 2020 Print This Article

സുരേഷ് നാരായണൻ

1 മഴയുടെ ദൂതൻ.

പ്രാർത്ഥനയാണെന്നറിയാതെ
‘ചന്തമേറിയ പൂവിലും’
പാടിക്കൊണ്ടിരിക്കുമ്പോൾ
വാതിൽക്കൽ മുട്ടു കേട്ടു.

(അതെന്തോ, അവൾ മാത്രമേ കേട്ടുള്ളൂ)

കറുത്ത ഉടുപ്പിട്ട ഒരു ചിരിയിലേക്കാണ് വാതിൽ തുറന്നത്.

ഒരു കുട നീട്ടിക്കൊണ്ടവൻ പറഞ്ഞു,
‘നാളെ മഴക്കാലം തുടങ്ങ്വാ.
ഇദ് വെച്ചോ!ഞാൻ പോട്ടെ.’

അവൾ പോലുമറിയാതെ കൈനീണ്ടു.
പതുപതുത്ത ശീലക്കുട !

നന്ദി പറഞ്ഞു കൊണ്ടവൾ ചോദിച്ചു,
‘നിക്ക്, നിൻറെ പേരെന്താ?’

‘മഴക്കാറ്’.പയ്യൻ അപ്രത്യക്ഷനായി.

2. കേട്ടെഴുത്ത്

എല്ലാ ദിവസോം
മലയാളം മാഷ് കേട്ടെഴുത്തിടും.

അന്നത്തെ വാക്ക് ചെറുതായിരുന്നു,
‘ഇംഗിതം’

പേപ്പർ നോക്കിവന്ന മാഷ്
എൻറടുത്തെത്തിയപ്പോൾ ബ്രേക്കിട്ടു .

ഞാൻ എഴുതിയിരിക്കുന്നു, ‘ഇങ്കിതം’.

‘പോയി അമ്മേടെ
ഇങ്കു കുടിച്ചിട്ട് വാ!’
മാഷ് അലറി.

സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles