കാസർകോട് ചെങ്കള ‌ചേരൂര്‍ കടവിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുള്ള കുഞ്ഞിനെ കാണാതായി. ബീര്‍ – റുഖ്‌സാന ദമ്പതികളുടെ മകന്‍ ഷൈബാനെയാണ് കാണാതായത്. കുട്ടി വീടിന് സമീപമുള്ള പുഴയിലെ ഒഴുക്കിൽപ്പെട്ടെന്നാണ് സംശയം.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. സംഭവത്തെ കുറിച്ച് വീട്ടുകാ‌ര്‍ പറയുന്നത് ഇങ്ങിനെ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടുകാരടൊപ്പം മുറ്റത്ത് ഷൈബാനും ഉണ്ടായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ അച്ഛന്‍ കബീര്‍ മറ്റൊരാവശ്യത്തിനായി വാഹനം എടുത്ത് പുറത്ത് പോയി. കുട്ടിയെ കുളിപ്പിക്കുന്നതിനായി വെള്ളം എടുക്കാന്‍ അമ്മ റുക്സാന വീടിനകത്തേക്ക് പോയി തിരിച്ച് വന്നപ്പോളാണ് കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം വീട്ടുമുറ്റത്ത് മറ്റൊരും ഉണ്ടായിരുന്നില്ല

ഷൈബാനെ കാണതായ വിവരം. ശ്രദ്ധയിൽപ്പെട്ട ഉടൻ വീട്ടുകാർ സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതോടെയാണ് കുട്ടി സമീപത്തെ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന സംശയം ബലപ്പെട്ടത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഒപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുന്നു. വിദ്യാനഗർ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയെ കാണാതയത് സംബന്ധിച്ച് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്. ഷൈബാൻ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണം.