ഇറാഖിൽനിന്ന‌ു ജീവനക്കാരെ പിൻവലിച്ച് യുഎസ്. സൗദിയുടെ 2 എണ്ണക്കപ്പലുകൾ അടക്കം 4 കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായതിനു പിന്നിൽ ഇറാനോ ഇറാൻ അനുകൂല ശക്തികളോ ആണെന്ന ആരോപണമാണ് യുഎസ് ഉയർത്തുന്നത്. ഇതേത്തുടർന്നാണ് അടിയന്തര സേവനങ്ങൾക്കു രാജ്യത്തു കഴിയേണ്ട ജീവനക്കാർ ഒഴിച്ച് ബാക്കി എല്ലാവരെയും യുഎസ് തിരിച്ചുവിളിച്ചത്. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇർ‍ബിലിലെ കോൺസുലേറ്റിലെയും ജീവനക്കാരെയാണു തിരികെ വിളിച്ചത്.

ഈ സ്ഥാപനങ്ങളിൽ സാധാരണയായി നടക്കുന്ന വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാർ എത്രയും വേഗം തിരിച്ചുപോരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എത്ര ജീവനക്കാരാണു മടങ്ങിപ്പോരേണ്ടിവരികയെന്നു വ്യക്തമല്ല. ഇറാഖിലെ തങ്ങളുടെ ട്രൂപ്പുകൾക്കുനേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്ക യുഎസ് ചൊവ്വാഴ്ചയും സ്ഥിരീകരിച്ചിരുന്നു.

ഇറാന്റെ എണ്ണ വാങ്ങുന്ന ചില രാജ്യങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം ഉപരോധമെന്ന ഭീഷണി നടത്തുകയാണെന്നും ഇത് ഇറാനെ തകർക്കുന്നതിനു വേണ്ടിയുള്ള യുഎസിന്റെ സമ്മർദ്ദതന്ത്രമാണെന്നും ഇറാൻ ആരോപിക്കുന്നു. ഇറാന്റെ ഭീഷണിയെ പേടിച്ചു ജീവനക്കാരെ പിൻവലിക്കുകയാണെന്ന വാർത്തയിൽ മുതിർന്ന ബ്രിട്ടിഷ് കമാൻഡറും സംശയം രേഖപ്പെടുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.

യുഎസിനെ തള്ളി ബ്രിട്ടൻ

ഇറാന്റെ മേൽ ആരോപണം ഉന്നയിക്കുന്ന യുഎസ് നീക്കത്തെ തള്ളി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) നേരിടാൻ രൂപീകരിച്ച യുഎസ് സഖ്യത്തിലുള്ള മുതിർന്ന ബ്രിട്ടിഷ് ജനറൽ രംഗത്തെത്തി. ഇറാഖിലോ സിറിയയിലോ ഉള്ള ഇറാൻ അനുകൂല ശക്തികളാണ് കപ്പലുകൾക്കുനേർക്കുള്ള ആക്രമണത്തിനു പിന്നിലെന്നാണ് യുഎസിന്റെ ആരോപണം. എന്നാൽ ഇതു നിഷേധിച്ചാണ് ഓപ്പറേഷൻ ഇൻഹറെന്റ് റിസോൾവ് (ഒഐആർ) ഡപ്യൂട്ടി കമാൻഡർ മേജർ ജനറൽ ക്രിസ്റ്റഫർ ഘിക രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ പറയുന്ന ഘികയുടെ വിഡിയോ രാജ്യാന്തര മാധ്യമമായ ഗാർഡിയൻ പുറത്തുവിട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറാനുമായി ബന്ധമുള്ള ഇറാഖിലെ ഷിയ സംഘങ്ങൾ അടുത്തിടെയായി അവരുടെ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനോ ഇറാന്റെ പിന്തുണയുള്ള ശക്തികളോ ആണ് എണ്ണക്കപ്പലുകൾക്കുനേർക്കുള്ള ആക്രമണത്തിനുപിന്നിലെന്നാണ് യുഎസിന്റെ നിലപാട്. ഇതിനു ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും യുഎസ് അവകാശപ്പെടുന്നു. എന്നാൽ ബ്രിട്ടന്റെ നിലപാടിനെ കഠിനമായി വിമർശിച്ച് യുഎസ് പത്രക്കുറിപ്പ് ഇറക്കി.

ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷ സാധ്യത വർധിച്ചുവരുന്നതിനിടെ ഇറാനുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. റഷ്യൻ സന്ദർശനത്തിനിടെയായിരുന്നു പോംപെയോയുടെ പരാമർശം. ‘സാധാരണ രാജ്യം’ പോലെ ഇറാൻ പെരുമാറുമെന്നാണു യുഎസ് കരുതുന്നത്. എന്നാൽ തങ്ങളുടെ താൽപര്യങ്ങൾ ആക്രമിച്ചാൽ മറുപടി നൽകുമെന്നും പോംപെയോ കൂട്ടിച്ചേർത്തു. യുഎസുമായി ഒരു യുദ്ധം ഉണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഗൾഫിലേക്ക് യുഎസ് വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് 4 എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായത്.

സൈനിക അഭ്യാസത്തിനായി യുഎസ് കപ്പൽപ്പടയ്ക്കൊപ്പമുണ്ടായിരുന്ന സ്പെയിനിന്റെ യുദ്ധക്കപ്പൽ മെൻഡെസ് നുനെസ് പിൻമാറി. ഇറാൻ – യുഎസ് സംഘർഷ സാധ്യത കണക്കിലെടുത്ത് ഗൾഫിലേക്കു കപ്പൽപ്പടയെ വിന്യസിച്ചതിനു പിന്നാലെയാണ് സ്പാനിഷ് കപ്പൽ പിന്മാറിയത്. ഇറാനുമായി ഒരുതരത്തിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സ്പെയിൻ ആഗ്രഹിക്കുന്നില്ലെന്നും സ്പാനിഷ് മുഖപത്രം എൽ പൈസ് വ്യക്തമാക്കി. അമേരിക്കൻ വ്യോമവാഹിനി ഈ പ്രദേശത്തു തുടരുന്നതിനാൽ താൽക്കാലിക പിൻമാറ്റം നടത്തുകയാണെന്നു സ്പെയിനിന്റെ വിദേശകാര്യ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് അറിയിച്ചു.