ബി.ഡി.ജെ.എസ് എന്‍.ഡിഎയില്‍ തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയത്തില്‍ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ബി.ഡി.ജെ.സിനെ എല്ലാ മുന്നണികള്‍ക്കും സ്വാഗതം ചെയ്യാം അതില്‍ ഒരു തെറ്റുമില്ല. നിലവില്‍ എന്‍.ഡി.എയില്‍ തുടരാന്‍ ആണ് തീരുമാനം എന്നും തുഷാ‍ര്‍ പറഞ്ഞു. ബൂത്ത് തലത്തില്‍ എന്‍ഡിഎ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്നും ഇത് പരിഹരിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെടണം എന്നും തുഷാര്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശന സാധ്യത തള്ളാതെ എൽഡിഎഫ് നേതാക്കൾ രംഗത്തെതിയിരുന്നു. എന്‍ഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍  പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ മുന്നണി ബന്ധങ്ങളില്‍ മാറ്റംവരുമെന്ന് സൂചനയും നൽകി.‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്കുകേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം നടത്തിയ ഇടപെടല്‍ ഈ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.