വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. വിദേശികളായ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.
അസാധാരണ കഴിവുകളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എമിറാത്തി പൗരത്വം നല്‍കുന്നതിലൂടെ അവരെ യുഎഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം പൗരത്വത്തില്‍ വരുത്തിയ മാറ്റങ്ങള്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.
അതേസമയം ചില നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിര്‍ത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യുഎഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.
Leave a Reply