യുഎഇയുടെ ‘ഹോപ് പ്രോബ്’ ചൊവ്വയുടെ ഭ്രമണപഥത്തിൽ; ചൊവ്വാദൗത്യം വിജയകരമാക്കുന്ന ആദ്യ അറബ് രാജ്യം

യുഎഇയുടെ ‘ഹോപ് പ്രോബ്’ ചൊവ്വയുടെ ഭ്രമണപഥത്തിൽ; ചൊവ്വാദൗത്യം വിജയകരമാക്കുന്ന ആദ്യ അറബ് രാജ്യം
February 10 03:44 2021 Print This Article

യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങൾ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. ഇത്രയും ദിനങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും. ചുവപ്പൻ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണു ഹോപ് പ്രോബിന് വേണ്ടിവരിക.

ആയിരം കിലോമീറ്റർ അടുത്തുവരെ പോകാനാകും. 49,380 കിലോമീറ്റർ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പര്യവേക്ഷണം.

പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയ മനസ്സിലാക്കാൻ ഉതകുന്ന 20 ചിത്രങ്ങൾ വീതം ഓരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ ഭൂമിയിലേക്ക് അയയ്ക്കും. 11 മിനിറ്റ് വേണം ചിത്രങ്ങൾ ഭൂമിയിലെത്താൻ. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്ന 20 ചിത്രങ്ങൾ വീതം ഇതുപോലെ മാർസ് ഇമേജറും അയയ്ക്കും.

ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയുന്ന ചിത്രങ്ങൾ അയയ്ക്കുകയാണ് ഇൻഫ്രാറെഡ് സെപ്ക്ട്രോമീറ്ററിന്റെ ജോലി. ഓരോ പത്തു ദിവസം കൂടുമ്പോഴും ഇങ്ങനെ ചൊവ്വയുടെ വിവിധ പ്രദേശങ്ങളിലെ ചിത്രങ്ങൾ അയച്ചു കൊണ്ടിരിക്കും. ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ച സമഗ്രചിത്രം ലഭിക്കാൻ പോകുന്നത് ഇതാദ്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഭൂമിയിലെ രണ്ടു വർഷം മുഴുവൻ ഇങ്ങനെ സമഗ്ര വിവരങ്ങൾ ലഭിക്കുന്നത് ചൊവ്വയെപ്പറ്റി വ്യക്തമായി മനസ്സിലാക്കാൻ ഉപകരിക്കും. 200ലേറെ ബഹിരാകാശ പഠനകേന്ദ്രങ്ങളിലേക്കും ഈ ചിത്രങ്ങൾ പോകും. ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണു ചെലവ്. 450-ലേറെ ജീവനക്കാർ 55 ലക്ഷം മണിക്കൂർ കൊണ്ട് നിർമിച്ചതാണിത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് അറബ് ജനതയുടെ പ്രതീക്ഷകളുമായി ഹോപ് പ്രോബ് കുതിച്ചുയർന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles