തെന്നിന്ത്യന്‍ നായികയായിരുന്ന സൗന്ദര്യയുടെ അകാല മരണം വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, വിമാനാപകടത്തിലാണ് സൗന്ദര്യയുടെ വിയോഗം. ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയിരുന്നു ഈ തെന്നിന്ത്യന്‍ സുന്ദരി. മരണത്തിന് മുമ്പ് സൗന്ദര്യ അവസാനമായി പറഞ്ഞ കാര്യങ്ങള്‍ ദുഖത്തോടെ ഓര്‍ത്തെടുക്കുകയാണ തമിഴ് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍.
ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ അകാലമരണം. ഇപ്പോഴിതാ, ചന്ദ്രമുഖി തന്റെ അവസാന സിനിമയായിരിക്കുമെന്ന് സൗന്ദര്യ തന്നെ വിളിച്ചുപറഞ്ഞിരുന്നതായാണ് സംവിധായകന്‍ ഉദയകുമാര്‍ വെളിപ്പെടുത്തുന്നത്. തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡി. ലോഞ്ചിനിടെയാണ് ഉദയകുമാര്‍ തന്റെ മനസ്സില്‍ ഇതുവരെ സൂക്ഷിച്ചിരുന്ന കാര്യം വെളിപ്പെടുത്തുന്നത്.
സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. എന്നെ അണ്ണന്‍ എന്നാണ് അവള്‍ വിളിച്ചിരുന്നത്. ആദ്യമൊക്കെ എനിക്കത് ഇഷ്ടമായിരുന്നില്ല. മറ്റുളളവരുടെ മുമ്പില്‍വെച്ച് സര്‍ എന്ന് വിളിക്കണമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അധികം വൈകാതെ ഞാന്‍ അവളെ സഹോദരിയായി കാണാന്‍ തുടങ്ങി. എന്നെ അണ്ണാ എന്നു തന്നെ അവള്‍ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്‌നേഗവും ഉണ്ടായിരുന്നു അവള്‍ക്ക്.
ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. സിനിമ കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചു. ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി അഭിനയിക്കുന്നുണ്ടാവില്ല. രണ്ട് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞു. എന്നോടും ഭാര്യയോടും അന്ന് ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ചു. അടുത്ത ദിവസം രാവിലെ ടെലിവിഷന്‍ ഓണ്‍ ആക്കിയപ്പോള്‍ സൗന്ദര്യ വിമാനപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയാണ് കണ്ടത്.
സൗന്ദര്യ ക്ഷണിച്ച ഒരു ചടങ്ങിനും പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാര ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുളള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ട് കരച്ചില്‍ അടക്കാനായില്ല- ഉദയകുമാര്‍ പറഞ്ഞു.
Leave a Reply